തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പര കേസ് അട്ടിമറിക്കാന്‍ അഭിഭാഷകരും പോലീസിലെ ഉന്നതരുമായി ബന്ധമുള്ള ആറംഗസംഘം കോഴിക്കോട്ടെ നക്ഷത്ര റിസോര്‍ട്ടില്‍ രഹസ്യയോഗം ചേര്‍ന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു നീക്കം.
അന്വേഷണസംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കാനും എസ്.പി കെ.ജി.സൈമണ്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടുമായിരുന്നു കോഴിക്കോട്ടെ രഹസ്യയോഗം. സാക്ഷിപ്പട്ടികയിലുള്ളവരെ പ്രതിചേര്‍ത്ത് കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കം തുടക്കത്തിലേ നുള്ളിയത് എസ്.പി സൈമണായിരുന്നു. കൂടത്തായി, പൊന്നാമറ്റം കുടുബത്തിലെ ആറുപേരുടെ ദുരൂഹമരണക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതു പോലീസിന് വ്യാപകപ്രശംസ നേടിക്കൊടുത്തിരുന്നു.
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍നിന്നു ബന്ധുക്കളുമായി 10 മിനിറ്റിലധികം ഫോണില്‍ സംസാരിച്ചതു വിവാദമായിരുന്നു. ജയില്‍ ഫോണില്‍ സാധാരണ രണ്ട് മിനിറ്റിലധികം പ്രതികളെ സംസാരിക്കാന്‍ അനുവദിക്കാറില്ല. സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ചില കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വന്നില്ലെന്നു ചൂണ്ടിക്കാട്ടി വിവാദമുണ്ടാക്കാനും ഗൂഢനീക്കം നടക്കുന്നു. ജോളിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയും ചരടുവലിക്കുന്നുണ്ട്.
വിചാരണാവേളയില്‍ സാക്ഷികളെ കൂറുമാറ്റിക്കാന്‍ പ്രമുഖ അഭിഭാഷകന് രംഗത്തുള്ളതായി സൂചനയുണ്ട്. കോഴിക്കോട്ടെ രഹസ്യയോഗവിവരം പുറത്തായതോടെ സാക്ഷിപ്പട്ടികയിലുള്ള ചിലരും ജോളിക്ക് അടുപ്പമുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും പോലീസ് നിരീക്ഷണത്തിലാണ്. ജോളിക്ക് കോഴിക്കോട് എന്‍.ഐ.ഐ.ടി കാമ്പസിനു സമീപമുള്ള സുലേഖയുമായുള്ള അടുപ്പത്തെക്കുറിച്ച് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. സുലേഖയാണ് എന്‍.ഐ.ഐ.ടിയിലെ ചില രേഖകള്‍ ജോളിക്കു സംഘടിപ്പിച്ചുകൊടുത്തിരുന്നത്.
മുഖ്യപ്രതിയുടെ സാമ്പത്തിക ഉറവിടം, പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്റെ പങ്ക്, ജോളിയെ നിരപരാധിയായി ചിത്രീകരിക്കാനുള്ള ശബ്ദരേഖ എന്നിവയെക്കുറിച്ച് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് തയാറാക്കിയേക്കും. ജോളിയുടെ ഭൂമിയിടപാടുകള്‍ക്കു കൂട്ടുനിന്ന വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സും രഹസ്യന്വേഷണമാരംഭിച്ചു.
0 Comments