മുണ്ടത്തടം ക്വാറി അടച്ചുപൂട്ടാന്‍ കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് ധര്‍ണ്ണ


പരപ്പ: മുണ്ടത്തടം കരിങ്കല്‍ ക്വാറിയും ക്രഷര്‍ യൂണിറ്റും അടച്ചുപൂട്ടുക, ബയോഡൈവേര്‍സിറ്റി ബോര്‍ഡ് പീനറിപ്പോര്‍ട്ട് നടപ്പിലാക്കുക, ക്വാറി പ്രദേശം സെസ്സ് പീനത്തിന് വിധേയമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി.
കലവര്‍ഷം ആരംഭിച്ചിട്ടും മുണ്ടത്തടം ക്വാറി അടച്ചുപൂട്ടാതെ പാവപ്പെട്ട ജനങ്ങളുടെ ജീവന്‍ വെച്ച് വിലപറയുന്ന ജില്ലാ കളക്ടറുടെ നിഷേധാത്മക നിലപാട് തിരുത്തണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ ആധ്യക്ഷം വഹിച്ചു. കെ.പി.ബാലകൃഷ്ണന്‍, വി.കൃഷ്ണന്‍, ബാബു ചേമ്പേന, കുഞ്ഞികൃഷ്ണന്‍ കളിയാനം പ്രസംഗിച്ചു. സിജോ പി ജോസഫ്, മനോഹരന്‍ ടി, അമ്പരീഷ്, വിനു മുണ്ടത്തടം, ചന്ദ്രന്‍.സി നേതൃത്വം നല്‍കി. കെ.പി.ബാലകൃഷ്ണന്‍ പരപ്പയില്‍ പന്തല്‍കെട്ടി ഏറെനാള്‍ സമരം നടത്തിയിരുന്നു. ഒടുവില്‍ സ്വയം എഴുന്നേറ്റ് പോവുകയാണുണ്ടായത്. സമരത്തിന്റെ തുടക്കത്തില്‍ മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ സജീവമായിരുന്നു. എന്നാല്‍ ക്വാറി ഉടമ സി.നാരായണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ.സുധാകരന്‍ ഉമേശന് നേരെ കണ്ണുരുട്ടിയതോടെ ഉമേശന്‍ സമരത്തില്‍നിന്നും പിന്മാറിയിരുന്നു. നാരായണനുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ് ഉമേശന്റെ പിന്മാറ്റമെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Post a Comment

0 Comments