കൊവിഡ്; ചെങ്ങന്നൂര്‍ സ്വദേശി ദില്ലിയില്‍ മരിച്ചു


ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങുന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസ്റ്റീവായി . ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ദില്ലിയില്‍ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു. ആകെ രോഗികള്‍ 6,48,315 ആയി. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ 22,771 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മരണം 18655 ആയി. 442 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. രോഗമുക്തി നിരക്ക് 60.80 ശതമാനമായി ഉയര്‍ന്നു.
മഹാരാഷ്ട്ര, ദില്ലി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആശങ്ക കൂടുകയാണ്. ആകെ രോഗബാധയുടെ 60.21 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം മരണ നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായി പിടിച്ചുകെട്ടാനായത് നേട്ടമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Post a Comment

0 Comments