നീലേശ്വരം മുനിസിപ്പല്‍ കോംപ്ലക്‌സ് കെട്ടിടനിര്‍മ്മാണം അവസാനഘട്ടത്തില്‍


നീലേശ്വരം: നീലേശ്വരം നഗരസഭ ഓഫീസ് കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. 7.9 കോടി രൂപ ചിലവില്‍ ട്രഷറി ഓഫീസിനു സമീപം കച്ചേരിക്കടവിലാണ് മുന്‍സിപ്പല്‍ ഓഫീസ് കം ഷോപ്പിങ്ങ് കോപ്ലക്‌സ് നിര്‍മ്മിക്കുന്നത്. നഗരസഭ കാര്യാലയത്തിന് പുറമെ കൃഷി ഭവന്‍, കുടുംബശ്രീ ഓഫീസ് തുടങ്ങി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനുബന്ധ ഓഫീസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ സൗകര്യമുള്ള മിനി സിവില്‍ സ്റ്റേഷന്‍ മാതൃകയിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഓഫീസിന് അനുബന്ധമായി 300 പേര്‍ക്ക് ഇരിക്കാവുന്ന ആധുനീക സംവിധാനങ്ങളോട് കൂടിയ ഓഡിറ്റോറിയവും ഒരുങ്ങുന്നുണ്ട്. യോഗങ്ങള്‍ ചേരുന്നതിന് 100 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍ , ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറി, വിവിധ വകുപ്പ് മേധാവിമാര്‍ എന്നിവര്‍ക്കെല്ലാം പ്രത്യേകം ഓഫീസ് മുറികളും കെട്ടിടത്തല്‍ ഉണ്ടാകും.
കൗണ്‍സിലര്‍മാര്‍ക്ക് അവരുടെ ഓഫീസ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും മറ്റും പ്രത്യേക ഹാളും കെട്ടിടസമുച്ഛയത്തിലുണ്ട്. ഇതിനൊക്കെ പുറമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ഓഫീസ് കോംപ്ലക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് ഇരിപ്പിട സൗകര്യമൊരുക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് നഗരസഭ 32 ലക്ഷം രൂപ മുടക്കി 75 സെന്റ് സ്ഥലം ഓഫീസ് നിര്‍മ്മാണത്തിന് വേണ്ടി വിലയ്ക്ക് വാങ്ങിയത്. ഈ ഭരണസമിതിയുടെ കാലത്ത് തന്നെ പണി പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനമെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയവും തുടര്‍ന്ന് വന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും കോവിഡ്19 നെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതും കാരണം ഈ സമിതിയുടെ കാലയളവില്‍ ഉദ്ഘാടനം നടത്താന്‍ കഴിയില്ല. എങ്കിലും 50 വര്‍ഷങ്ങള്‍ക്ക് ശേഷം നീലേശ്വരത്ത് മനോഹരമായ ഒരു ഓഫീസ് നിര്‍മ്മിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം ഈ ഭരണ സമിതിക്കുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ പറഞ്ഞു. കോവിഡ് 19 രോഗ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ അസൗകര്യം പരിഗണിച്ച് പൊതുജന ആരോഗ്യം മുന്‍ നിര്‍ത്തി ചില വകുപ്പുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള ഗൗരവമായ ആലോചനയിലാണ് ഭരണ സമിതി.

Post a Comment

0 Comments