പൂര്‍ണ്ണ ഗര്‍ഭിണിക്ക് കൊവിഡ്: പരിയാരത്ത് ശസ്ത്രക്രിയ; അമ്മയും കുഞ്ഞും സുഖമായി കഴിയുന്നു


കാസര്‍കോട്: കൊവിഡ് ബാധിച്ച പൂര്‍ണ്ണഗര്‍ഭിണിയെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കാസര്‍കോടിന് സമീപത്തെ പച്ചക്കറി വാഹന ജീവനക്കാരന്റെ ഭാര്യയായ മുപ്പത്കാരിക്ക് കൊവിഡ് പരിശോധനയില്‍ പോസിറ്റീവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിയാരത്തേക്ക് കൊണ്ടുപോയത്. യുവതിയുടെ ആദ്യത്തെകുട്ടിയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ടാമത്തെ പ്രസവത്തിനും ശസ്ത്രക്രിയവേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ശസ്ത്രക്രിയയുടെ തീയ്യതി നിശ്ചയിച്ചു. ഇതിന് മുന്നോടിയായാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് റിപ്പോര്‍ട്ടില്‍ പോസറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. യുവതി ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി.
പ്രമുഖ പ്രസവ സ്ത്രീരോഗ വിദഗ്ദ്ധന്‍ ഡോ. എസ്.അജിത്തിന്റെ നേതൃത്വത്തിലുള്ള ടീമിലെ ഡോ.ശബ്‌നം നമ്പ്യാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. 3.1 കിലോഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞിനെയാണ് പുറത്തെടുത്തത്.
45 യുവതികളാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലുള്ളത്. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടവരില്‍ എട്ടാമത്തെ ശസ്ത്രക്രിയയാണ് ഇന്നലെ പുലര്‍ച്ചെ നടന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ്19 പോസിറ്റീവായ യുവതികളുടെ പ്രസവ ശസ്ത്രക്രിയ നടന്നത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണ്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയാണ് യുവതിയെ ആദ്യം മുതല്‍ പരിശോധിച്ചിരുന്നത്. ശോഭ അവധിയിലായിരിക്കുമ്പോള്‍ ഡോ.ബിന്ദു ഗര്‍ഭിണിയെ പരിശോധിച്ചു. ഇതോടെ ഡോക്ടമാരടക്കം 15 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി. ജനറല്‍ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും 15 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനിലായി.

Post a Comment

0 Comments