കാഞ്ഞങ്ങാട്: വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് കസ്റ്റംസ് പാരിതോഷികമായി നല്‍കാറ്. രഹസ്യവിവരങ്ങള്‍ നല്കുന്നവരില് ഭൂരിഭാഗംപേരും കസ്റ്റംസില്‍നിന്നുള്ള പാരിതോഷികം വാങ്ങാനെത്തുന്നില്ല.
രഹസ്യവിവരം നല്കുന്ന വ്യക്തികളുടെ വിവരം പുറത്താകുമെന്ന ഭയവും സ്വര്‍ണക്കടത്ത് മാഫിയാസംഘങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് പലരും രംഗത്ത് എത്താത്തത്. അതേപോലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള മത്സരം കാരണം ചില വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്നത്. പാരിതോഷികമല്ല ലക്ഷ്യമെന്നതിനാല്‍ അവരും രംഗത്ത് എത്തില്ല. എന്നാല്‍ സ്ഥിരമായി പാരിതോഷികം കൈപ്പറ്റുന്ന ചിലരുണ്ട്. ഇവര്‍ ഉദ്യോഗസ്ഥരുമായുണ്ടാക്കുന്ന ധാരണപ്രകാരമാണ് വിവരങ്ങള്‍ കൈമാറുന്നത്.
ഈ ഉദ്യോഗസ്ഥന് സ്ഥലംമാറ്റമുണ്ടായാല്‍ ഇന്‍ഫോര്‍മര്‍ താല്‍പര്യമറിയിക്കുകയാണെങ്കില്‍ മാത്രം വിശ്വസ്തരായ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തിക്കൊടുക്കും. ഇന്നലെ കരിപ്പൂര്‍ വിമാനത്തവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായതില്‍ ഒരാളെ വിദേശത്തുനിന്നും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
വിമാനത്തവളത്തിലെ കസ്റ്റംസിന് പുറമെ, കസ്റ്റംസ് പ്രിവന്റീവും, ഡി.ആര്.ഐക്കും ഇത്തരത്തില്‍ സ്ഥിരം വിവരങ്ങള്‍ െകെമാറുന്ന ആളുകളുണ്ട്. വിവരം നല്കുന്ന വ്യക്തിയെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ 50 ശതമാനം തുക ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് നല്‍കണമെന്നാണ് ചട്ടം. പണമായിതന്നെയാണ് പാരിതോഷികം െകെമാറല്. ഇത്തരത്തില്‍ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച് വെക്കില്ല. പണം നല്‍കുന്നത് കസ്റ്റംസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരാള്‍ ആയിരിക്കും.
അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്വര്‍ണം പിടിക്കുന്നതെങ്കില്‍ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം വീതിച്ചുനല്‍കും. എന്നാല്‍ ക്ലാസ് എ യില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികത്തിന് അര്‍ഹതയുണ്ടാകില്ല. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍നിന്നും ദോഹയില്‍നിന്നും എത്തിയ രണ്ടുപേരില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.
ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കുറുമ്പലക്കോട് സ്വദേശി മുഹമ്മദില്‍നിന്ന് വാതിലിന്റെ ലോക്കില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 840 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂരില്‍ എത്തിയ ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയില്‍ നിന്നും 440 ഗ്രാം സ്വര്‍ണവും പിടികൂടി . ഇയാള്‍ മലദ്വാരത്തിന് അകത്തു സ്വര്‍ണ്ണം വെച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത് . രണ്ടുപേരില്‍ നിന്നായി 1.2 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
1985 കാലഘട്ടത്തില്‍ കമ്മീഷനുവേണ്ടി സ്വര്‍ണ്ണകടത്ത് ഒറ്റിക്കൊടുത്ത ബേക്കലിലെ ഷഹനാസ് ഹംസയെ കള്ളക്കടത്തുകാര്‍ പൊയിനാച്ചി ദേശീയപാതയില്വെച്ച് വെടിവെച്ചുകൊന്നിരുന്നു. ഹംസയുടെ പാര്‍ട്ണര്‍ പ്രാവ് അബൂബക്കര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന പള്ളിക്കര കല്ലിങ്കാലിലെ പി.എം.അബൂബക്കറിനെ വധിക്കാനും നീക്കമുണ്ടായി. ഇതിനിടയില്‍ സ്വര്‍ണ്ണത്തിന്റെ ഉടമയില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയിരുന്ന ഒരു ഉന്നത പോലീസ് ഓഫീസര്‍ അബൂബക്കറെ പിടികൂടി ചോദ്യം ചെയ്യുന്ന രംഗം കള്ളകടത്തുകാര്‍ക്ക് ഫോണിലൂടെ കേള്പ്പിച്ചുകൊടുത്തതും വിവാദം സൃഷ്ടിച്ചിരുന്നു. സിബിഐ അന്വേഷിച്ച ഹംസാവധക്കേസില് കാസര്‍കോട്ടെ പാക്കിസ്ഥാന് അബ്ദുറഹിമാന് എന്നറിയപ്പെടുന്ന തളങ്കരയിലെ അബ്ദുറഹിമാന്റെ പേരില്‍ കോടതിയില്‍ കുറ്റപത്രവും നല്കി. എന്നാല്‍ ഗള്‍ഫില്‍ കഴിയുന്ന അബ്ദുറഹിമാനെ പിടികൂടാനായില്ല. മറ്റ് ഏതാനും പ്രതികളെ പിടികൂടി ശിക്ഷിച്ചു. ബോംബെയില്‍നിന്നുള്ള വാടക ഗുണ്ടകളാണ് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷഹനാസ് ഹംസയെ ജീപ്പില്‍ പിന്തുടര്ന്ന് പൊയിനാച്ചിയില്‍ വെച്ച് തടഞ്ഞ് വെടിവെച്ച് കൊന്നത്. ഗള്‍ഫില്‍ നിന്നും കേരളത്തിലെത്തിച്ച സ്വര്‍ണ്ണം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്നത് ഹംസയും അബൂബക്കറുമായിരുന്നു. ഇവര്‍ തന്നെ കള്ളകടത്ത് രഹസ്യം കസ്റ്റംസിന് ഒറ്റിക്കൊടുക്കുകയാണുണ്ടായത്. കാഞ്ഞങ്ങാട്ടെ രാധാകൃഷ്ണ ടൂറിസ്റ്റ് ഹോമില്‍വെച്ചാണ് കസ്റ്റംസുമായി ഹംസയും അബൂബക്കറും ചര്‍ച്ച നടത്തിയത്. പഴയ രാധാകൃഷ്ണ ടൂറിസ്റ്റ് ഹോമാണ് അടുത്തകാലത്ത് പൂട്ടിയ മോത്തി സില്‍ക്സ് കെട്ടിടം . 1989ലാണ് ഹംസയെ വെടിവെച്ചുകൊന്നത്.
0 Comments