വീട്ടുമുറ്റങ്ങളില്‍ ആയിരങ്ങള്‍ ബലിയിട്ടു; ആളൊഴിഞ്ഞ് തീര്‍ത്ഥഘട്ടങ്ങള്‍തിരുവനന്തപുരം: പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പതിനായിരങ്ങള്‍ ഇക്കുറി വീട്ടുമുറ്റങ്ങളില്‍ ബലിതര്‍പ്പണം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകളില്ലാതെയായിരുന്നു ഇത്തവണത്തെ ബലിതര്‍പ്പണം . വീട്ടുമുറ്റത്ത് ബലി സാദ്ധ്യമാകാത്തവര്‍ ടെറസിലാണ് ബലിതര്‍പ്പണം നടത്തിയത്. ഫ്‌ളാറ്റുകളിലും ചടങ്ങ് നടന്നു. പുലര്‍ച്ചെ ഒന്നര മുതല്‍ വൈകിട്ട് 4.55 വരെയാണ് വാവ്‌നേരം. പുലര്‍ച്ചെ 3.30 മുതല്‍ 12 വരെ ബലിതര്‍പ്പണം നടത്തുന്നതാണ് ഉത്തമം. അതിനാല്‍ രാവിലെ തന്നെ കൂടുതല്‍പ്പേരും ബലിയിട്ടു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധികൃതരുടെ ശക്തമായ നിയന്ത്രണമുണ്ടായിരുന്നതിനാല്‍ പ്രധാന തീര്‍ത്ഥഘട്ടങ്ങളായ ബേ ക്കല്‍ തൃക്കണ്ണാട് ക്ഷേത്രം, വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തലസ്ഥാനത്തെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങിയിടങ്ങളെല്ലാം ഇക്കുറി വിജനമായിരുന്നു. പൊതുസ്ഥലങ്ങളിലും ബലിതര്‍പ്പണം ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. തീര്‍ത്ഥഘട്ടങ്ങളിലും പൊതു ഇടങ്ങളിലും ബലിയര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
ആയിരങ്ങളെത്തിയിരുന്ന കോഴിക്കോട് വരക്കല്‍ ബലിതര്‍പ്പണ ഭൂമിയില്‍ പ്രദേശവാസികള്‍ ബലിതര്‍പ്പണം നടത്തി. വീടുകളില്‍ ബലിയിട്ടശേഷം കടലിലൊഴുക്കാനും വിശ്വാസികളെത്തിയിരുന്നു. പൊതു സ്ഥലങ്ങളില്‍ ശക്തമായ പോലീസ് കാവലും ഉണ്ടായിരുന്നു.

Post a Comment

0 Comments