കാസര്‍കോട് ഡിസിസി കൊല്ലംകാരുടെ 'കൈ'പ്പിടിയില്‍; ഭൂരിഭാഗവും വിഴുങ്ങി


കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അതുത്തെത്തിനില്‍ക്കെ കാസര്‍കോട് ഡിസിസിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കൊല്ലംകാരുടെ കൈപ്പിടിയിലായി. ജില്ലയിലെ കോണ്‍ഗ്രസിനെ ഭൂരിഭാഗവും കൊല്ലംകാര്‍ വിഴുങ്ങി. കാസര്‍കോട് ഡിസിസി പ്രസിഡണ്ടിന്റെ പിടിപ്പുകേടാണ് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കൊല്ലംകാര്‍ക്ക് അടിയറവെക്കാന്‍ പ്രധാന കാരണം. ആരെയും അരിഞ്ഞുവീഴ്ത്തുന്ന ഉണ്ണിത്താന്റെ നാവിന് മുമ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല.
ഡിസിസിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് കൊല്ലംകാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഡിസിസിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറുമാണ്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാനും സംഘടനാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഇവര്‍തന്നെയാണ് മുന്നിട്ടിറങ്ങുന്നത്. കാസര്‍കോട് ഡിസിസിക്കകത്തെ രൂക്ഷമായ അഭിപ്രായഭിന്നത ഇവരുടെ നീക്കം എളുപ്പമാക്കി. ഡിസിസിയുടെ ചുമതല രതികുമാറിന് നല്‍കി തന്റെ വരുതിയിലാക്കാനുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ശ്രമം ഫലംകണ്ടതോടെ ജില്ലയിലെ നേതാക്കള്‍ക്ക് വേണ്ടത്ര പിടിപാടില്ലാതായി.
ഉണ്ണിത്താന്റെ സ്വതസിദ്ധമായ 'ആജ്ഞ'ക്ക് മുന്നില്‍ ജില്ലയിലെ നേതാക്കള്‍ പരുങ്ങുകയാണ് ചെയ്യുന്നത്. ഉണ്ണിത്താന് നേതൃത്വത്തിലുള്ള പിടിപാട് അറിയുന്നതിനാല്‍ ഒട്ടുമിക്ക നേതാക്കളും അദ്ദേഹത്തിന്റെ വിധേയന്മാരായി മാറി. ഉണ്ണിത്താനെയും രതികുമാറിനെയും വെറുപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് ദോഷമാകുമെന്ന അനുമാനത്തിലാണ് മിക്കവരും ഇവര്‍ക്ക് കീഴ്‌പ്പെടുന്നത്. എന്നാല്‍ ഇവരെ അംഗീകരിക്കാത്തവര്‍ക്കെതിരെ അണിയറയില്‍ പടയൊരുക്കവും നടത്തുന്നുണ്ട്.
ഉദുമ ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ പെരിയയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തന്ത്രങ്ങളും ഒരുവിഭാഗം നടത്തുന്നുണ്ട്. ഇതിന് ഉണ്ണിത്താന്റെയും രതികുമാറിന്റെയും രഹസ്യപിന്തുണയുണ്ടെന്നാണ് സൂചന. രാജന്‍ പെരിയയുടെ രാജികത്ത് അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഗോവിന്ദന്‍നായരുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തിയെങ്കിലും പ്രമുഖരായ പലരും ഇതില്‍ ഒപ്പിടാന്‍ തയ്യാറായില്ലത്രെ. കാസര്‍കോട് ബ്ലോക്ക് പ്രസിഡണ്ട് ഖാലിദ്, മുളിയാറിലെ ബലറാം നമ്പ്യാര്‍, കാടകത്തെ വാരിജാക്ഷന്‍, ഡിസിസി ഭാരവാഹികളായ കുഞ്ഞമ്പു നമ്പ്യാര്‍, പി.അഷ്‌റഫലി, മുന്‍ കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍ എന്നിവര്‍ രാജനെതിരെ നടപടിയെടുക്കുന്നതിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടു. എന്നാല്‍ കഴിഞ്ഞദിവസം ഉണ്ണിത്താന്റെ ഐങ്ങോത്തെ വീട്ടില്‍ ഉണ്ണിത്താന്റെ സാന്നിധ്യത്തില്‍ ഗോവിന്ദന്‍ നായരും ധന്യാസുരേഷും നടത്തിയ ചര്‍ച്ചയിലാണ് രാജനെതിരെയുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. നേതാക്കളുടെ ഒപ്പ് ശേഖരിച്ച് കെ.പി.സി.സിക്ക് അയക്കാനായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ പലരും എതിര്‍ത്തതോടെ ഈ നീക്കം പാളി. സാമുദായിക രംഗത്തും സാംസ്‌കാരിക രംഗത്തും സ്വാധീനമുള്ള രാജനെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിമാറ്റുന്നത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷമാവുമെന്ന വിലയിരുത്തലാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. കെ.പി.സി.സിയിലെ പ്രമുഖ നേതാക്കള്‍ക്കും ഇതേ നിലപാട് തന്നെയാണത്രെ ഉള്ളത്. രാജന്‍ ഉള്‍പ്പെടെയുള്ളവരെ ഒതുക്കിനിര്‍ത്തിയാല്‍ തങ്ങളുടെ നീക്കം എളുപ്പമാവുമെന്നാണ് കൊല്ലം ലോബിയും അവരെ പിന്തുണക്കുന്നവരും കരുതുന്നത്.
കൊല്ലംകാരെ പോലെ തന്ത്രശാലികളല്ല കാസര്‍കോട്ടെ കോണ്‍ഗ്രസുകാരെന്ന് ഉണ്ണിത്താന്‍ ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ഇത് മുതലാക്കാനാണ് ആജ്ഞാനുവര്‍ത്തിയായ രതികുമാറിനെ കെ.പി.സി.സി സെക്രട്ടറിയാക്കി കാസര്‍കോട് ജില്ലയുടെ ചുമതല നല്‍കിയത്.

Post a Comment

0 Comments