നീലേശ്വരം പീഡനം: ആറ് കേസുകളില്‍ എട്ട് പ്രതികള്‍, പെണ്‍കുട്ടിയെ മടിക്കേരിയില്‍ എത്തിച്ചത് മാതാവ്, കാഞ്ഞങ്ങാട്ടെ ഡോക്ടറും പ്രതിയാവും


നീലേശ്വരം: തൈക്കടപ്പുറത്തെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നീലേശ്വരം പോലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാതാവും പിതാവും ഉള്‍പ്പെടെ മൊത്തം എട്ടുപേര്‍ പ്രതികളാണ്. കേസില്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിതാഡോക്ടറും കേസില്‍ പ്രതിയാവും.
രണ്ടുമാസം മുമ്പാണ് പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത്. പിതാവുള്‍പ്പെടെ ഇന്നലെ അറസ്റ്റിലായ നാലുപേരെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു.
അമ്പതുകാരനായ പിതാവിന് പുറമെ ഞാണിക്കടവിലെ മുഹമ്മദ് റിയാസ് (20), പുഞ്ചാവിയിലെ പി.പി.മുഹമ്മദലി(20), ഞാണിക്കടവിലെ പതിനേഴുകാരന്‍ എന്നിവരെയാണ് ഇന്നലെ റിമാന്റ് ചെയ്തത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പടന്നക്കാട്ടെ ക്വിന്റല്‍മുഹമ്മദ്, അസീച്ച എന്നുവിളിക്കുന്ന അസി, ഷമീം എന്നിവരും കേസില്‍ പ്രതികളാണ്. കര്‍ണ്ണാടകത്തിലെ മടിക്കേരിയില്‍ വെച്ചാണ് ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാവുതന്നെയാണ് മടിക്കേരിയിലെ അജ്ഞാതകേന്ദ്രത്തിലേക്ക് ക്വിന്റല്‍ മുഹമ്മദിന് പെണ്‍കുട്ടിയെ എത്തിച്ചുകൊടുത്തത്. പിന്നീട് പലതവണ ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. വാഹനമോഷണം, കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള ഭൂമി തട്ടിപ്പ് എന്നിങ്ങനെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ ക്വിന്റല്‍മുഹമ്മദ് ഇ പ്പോള്‍ ഞാണിക്കടവിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. മുമ്പ് ഒടയഞ്ചാലിലായിരുന്നു താമസം.
വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശപ്രകാരം പോലീസ് വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2018 മുതല്‍ പിതാവും സുഹൃത്തുക്കളും കുട്ടിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രണയം നടിച്ച ഞാണിക്കടവ് സ്വദേശിയായ യുവാവ് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ട്. പിന്നീട് ഇയാള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു.
കര്‍ണ്ണാടകത്തില്‍ വെച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാല്‍ അന്വേഷണം കര്‍ണ്ണാടകത്തിലേക്കും വ്യാപിപ്പിക്കേണ്ടിവരും. ഇത് പോലീസിന്റെ കേസന്വേഷണത്തിന് കാലതാമസത്തിനിടയാക്കിയേക്കും.
കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ കര്‍ണ്ണാടകത്തില്‍ ചെന്ന് തല്‍ക്കാലം അന്വേഷണം നടത്താന്‍ കഴിയില്ല. രണ്ട് സംഘങ്ങളായാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാക്കിയതെന്ന പ്രത്യേകതയും കേസിനുണ്ട്. പീഡിപ്പിച്ച പിതാവ് തന്നെ ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചുവെന്നതാണ് കേസിന്റെ മറ്റൊരു പ്രത്യേകത. മറ്റൊന്ന് കാമുകന്‍ പീഡനത്തിനിരയാക്കിയശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറിയെന്നതാണ്. അതുകൊണ്ടുതന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എന്‍.പി വിനോദ് പറഞ്ഞു. നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment

0 Comments