പയ്യന്നൂര്‍: കണ്ണൂര്‍ പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് പുതിയ കൊവിഡ് ക്ലസ്റ്ററാകാനുള്ള സാധ്യത തെളിയുന്നു. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ദ്രുത പരിശോധനയില്‍ അഞ്ച് പേര്‍ക്ക് കൂടി പോസിറ്റീവായി. പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി നടത്തിയ റാപ്പിഡ് പരിശോധനയിലാണ് 5 പേര് കൂടി കൊവിഡ് പോസിറ്റീവായത്. ജനറല്‍ ഐസിയുവിലെ 2 രോഗികള്‍ക്കും, ഒരു ഡോക്ടര്‍ക്കും, രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരുടെയും രോഗത്തിന്റെ ഉറവിടെ കണ്ടെത്താനായില്ല. അമ്പതിലധികം ആരോഗ്യപ്രവര്‍ത്തകര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് രണ്ടാം ഘട്ട പരിശോധന കൂടി നടത്തും. അതും പോസിറ്റീവാണെങ്കില്‍ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. മറ്റ് രോഗങ്ങള്‍ക്കും ചികിത്സ തേടിയെത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കൊവിഡ് വാര്‍ഡില്‍ ജോലിചെയ്യാത്ത ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ ക്വാറന്റീനിലായത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. അത്യാഹിത വിഭാഗത്തില്‍ മറ്റ് രോഗികളെ പ്രവേശിപ്പിക്കും മുന്‍പ് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനമായി. അടിയന്തിര സാഹചര്യത്തിലല്ലാതെ മറ്റ് രോഗികള്‍ എത്തരുതെന്നും നിര്‍ദ്ദേശം നല്കിയിട്ടിട്ടുണ്ട്.
നൂറോളം ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് അഞ്ച് പേര് പോസിറ്റീവായത്. പരിയാരം മെഡിക്കല്‍ കോളേജ് മറ്റൊരു കൊവിഡ് ക്ലസ്റ്ററായി മാറുമോയെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടം.
0 Comments