നീലേശ്വരം: രാവിലെ ഏഴുമണിക്ക് ചാളക്കടവില്നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള വരദായിനി ബസിനെ ഓരോസ്റ്റോപ്പിലും യാത്രക്കാര്‍ കാത്തിരിപ്പുണ്ടാകും. ഒരു മിനിറ്റുപോലും തെറ്റാതെ ഓരോസ്റ്റോപ്പിലും ബസ് കൃത്യമായി എത്തും. കാരണം ചാളക്കടവുമുതല് കാരാക്കോട്ടുവരെ ഈ ബസ്സിനായി സ്ഥിരം യാത്രക്കാര്‍ കാത്തിരിപ്പുണ്ടാകും. ഈയാത്രക്കാരെയൊക്കെ ഡ്രൈവര്‍ ജയന് സുപരിചിതവുമാണ്. എന്നാല്‍ ഇപ്പോള്‍ വരദായനിയുടെ യാത്രക്ക് ഒരു പ്രത്യേകതയുണ്ട്. ബസ്സിലെ ഡ്രൈവറും ക്ലീനറും കണ്ടക്ടറുമൊക്കെ ജയന് തന്നെ. മടിക്കൈ പൂത്തക്കാല്‍ സ്വദേശിയായ പി.വി. ജയന് വരദായിനിയില് ആദ്യം കണ്ടക്ടറായിരുന്നു. ഇപ്പോള്‍ 13 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുന്നു.
സമ്പര്‍ക്കം വഴി കൊവിഡ് വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭയപ്പാടിലായ കണ്ടക്ടര്‍മാര്‍ വരാതായി. സ്ഥിരം റൂട്ടില്‍ പതിവ് യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ജയന് ഒറ്റയ്ക്ക് ബസോടിക്കാന്‍ തീരുമാനിച്ചത്. തനിച്ച് ബസോടിക്കാമെന്ന ആശയം ജയന് മുന്നോട്ടുവയ്ക്കുകയായിരുന്നു. ഇത് ബസുടമ അടുക്കത്ത്പറമ്പിലെ പ്രദീപന് സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്നാണ് ജയന് ബസ് ഓടിക്കാന്‍ തുടങ്ങിയത്. ഡ്രൈവറുടെ സീറ്റിനടുത്ത് ബക്കറ്റ് വെയ്ക്കും.സ്ഥിരം യാത്രക്കാര്‍ അതില്‍ കാശിടും . മറ്റുള്ളവരില്‍നിന്നും സ്റ്റാന്‍ഡില്‍ നിര്‍ത്തുമ്പോഴും പടന്നക്കാട് റെയില്‍വെ മേല്‍പ്പാലം കഴിഞ്ഞയുടനെയും ബസ്സ് നിര്‍ത്തി കാശുവാങ്ങും. ഇടയ്ക്ക് രണ്ടു വിരുതന്മാര് ബക്കറ്റില്‍ കാശിടാതെ മുങ്ങാന്‍ നോക്കിയപ്പോള്‍ ജയന് ഇവരെ പിടികൂടുകയും ചെയ്തു. മറന്നുപോയെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ പിന്നിലെ വാതില്‍ അടച്ചുപൂട്ടി. യാത്രക്കാര്‍ പൊതുവെ കുറവാണെങ്കിലും ഒരുവിധം ഒപ്പിച്ചുപോകുന്നുവെന്നാണ് ജയന് പറയുന്നത്.
കഠിനാദ്ധ്വാനം കൊണ്ട് കിട്ടുന്ന കൂലിയില്‍ നിന്ന് വാടക കാശും കണ്ടെത്തി പട്ടിണി കൂടാതെ ജീവിതം കഴിയുന്നതിന്റെ സന്തോഷമുണ്ട് ഈ ഡ്രൈവര്‍ക്ക്. ജയന്റെ പ്രവര്‍ത്തി യാത്രക്കാര്‍ക്കും ആശ്വാസമാണ്.
0 Comments