ഡിസ്‌പെന്‍സറിയിലെ മാനഭംഗം: ഡോക്ടര്‍ക്ക് എതിരെയുള്ള പരാതിയില്‍ പെണ്‍കുട്ടി ഉറച്ചുതന്നെ


പെരിയ: അസുഖത്തെതുടര്‍ന്ന് ചികിത്സതേടിയെത്തിയ 17 കാരിയെ പരിശോധനക്കിടെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടി പോലീസിന് നല്‍കിയതും കോടതിക്ക് കൊടുത്തതും ഒരേമൊഴി. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പെണ്‍കുട്ടി കോടതിയെ അറിയിച്ചുവെന്നാണ് സൂചന. സീല്‍വെച്ച കവറില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥന് കോടതി കൈമാറിയിട്ടുണ്ട്.
പെരിയയില്‍ ക്ലിനിക്ക് നടത്തുന്ന കാഞ്ഞങ്ങാട്ടെ റിട്ട. ഡോക്ടര്‍ പി.കൃഷ്ണനെതിരെയാണ് (58) പെണ്‍കുട്ടി പരാതിപ്പെട്ടത്. ജൂണ്‍ 26 ന് രാവിലെ പിതാവിനും സഹോദരിക്കുമൊപ്പം പെരിയയിലെ ക്ലിനിക്കില്‍ ചികിത്സതേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. ആദ്യം ജ്യേഷ്ഠത്തിയെ ഡോക്ടര്‍ പരിശോധിച്ചു. പിന്നീട് ഇളയകുട്ടിയെ പരിശോധനാമുറിയിലേക്ക് കയറ്റി. പുരുഷ ഡോക്ടര്‍മാര്‍ നഴ്‌സിന്റെയോ ബന്ധുക്കളുടേയോ സാന്നിധ്യത്തില്‍ മാത്രമേ സ്ത്രീകളെ പരിശോധിക്കാവൂയെന്നാണ് പൊതുവെയുള്ള നിയമം. എന്നാല്‍ ക്ലിനിക്കിന് പുറത്ത് ജ്യേഷ്ഠത്തി ഉണ്ടായിട്ടും പരിശോധനാമുറിയിലേക്ക് ഡോക്ടര്‍ വിളിക്കാതെയായിരുന്നു അനിയത്തിയുടെ പരിശോധന. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഡോക്ടര്‍ സ്പര്‍ശിച്ചുവെന്നാണത്രെ പരാതി. സംഭവദിവസം മുതല്‍ ഒളിവില്‍പോയ ഡോക്ടര്‍ പി.കൃഷ്ണന്‍ കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഏതാനും ദിവസം മുമ്പ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹരജി ഇന്ന് പരിഗണനക്ക് വരുന്നുണ്ട്. പോക്‌സോ വകുപ്പ് ചുമത്തിയ കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് സാധ്യതയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നടപടി അറിഞ്ഞശേഷമാവും പോലീസിന്റെ നടപടി. ജാമ്യാപേക്ഷ തള്ളിയാല്‍ പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങും. ഒളിവില്‍ കഴിഞ്ഞാലും ഒടുവില്‍ പോലീസിലോ കോടതിയിലോ ഡോക്ടര്‍ പി.കൃഷ്ണന്‍ കീഴടങ്ങേണ്ടിവരും.
പോലീസില്‍ പരാതികൊടുത്തദിവസം തന്നെ ബേക്കല്‍ പോലീസ് പെണ്‍കുട്ടിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയിരുന്നു. മജിസ്‌ട്രേറ്റ് പെണ്‍കുട്ടിയില്‍ നിന്നും രഹസ്യമൊഴിയെടുത്തു. പോലീസില്‍കൊടുത്ത പരാതിയും മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ടോ എന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ഇതുവരെ പോലീസ്.
ഇതിനിടയില്‍ ഡോക്ടറെ അറസ്റ്റുചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നു. പോലീസിന്റെ നീക്കം മണത്തറിഞ്ഞ ഡോക്ടര്‍ കൃഷ്ണന്‍ ഉന്നതബന്ധം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും ഐ.എം.എ ഭാരവാഹിയുമായിരുന്നു ഡോ.പി.കൃഷ്ണന്‍. കണ്ണൂര്‍ ജില്ലയില്‍ ഏഴോം സ്വദേശിയാണ്. ഏറെക്കാലമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗാഹൈസ്‌കൂള്‍ റോഡില്‍ പി.സ്മാരകത്തിന് സമീപമാണ് താമസം.

Post a Comment

0 Comments