അഡ്വാന്‍സ് വാങ്ങി വഞ്ചിച്ചുവെന്ന്; വീടും സ്ഥലവും കോടതി കണ്ടുകെട്ടി


അമ്പലത്തറ: വില പറഞ്ഞുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയ വീടും സ്ഥലവും ഉടമ രജിസ്റ്റര്‍ ചെയ്ത് കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് അഡ്വാന്‍സ് കൊടുത്ത വ്യക്തി കോടതി മുഖാന്തരം വീടും സ്ഥലവും കണ്ടുകെട്ടി.
റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ അമ്പലത്തറ മൂന്നാംമൈലിലെ കാലിച്ചാംപാറ അബൂബക്കറിന്റെ ഭാര്യ പി.സുഹ്‌റയുടെ പേരിലുള്ള 20 സെന്റ് സ്ഥലവും ഇരുനിലവീടുമാണ് മൂന്നുകൊല്ലം മുമ്പ് പത്ത്‌ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്ത അട്ടേങ്ങാനം കളിച്ചാര്‍വട്ടത്തെ സി.കെ.നാസര്‍ ഹോസ്ദുര്‍ഗ് സബ്‌കോടതി മുഖാന്തരം കണ്ടുകിട്ടിയത്.
2017 ആഗസ്റ്റ് 11 ന് 66 ലക്ഷം രൂപ വിലനിശ്ചയിച്ച് സുഹ്‌റയുടെ വീടിനും സ്ഥലത്തിനും നാസര്‍ 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി. ബാക്കി തുകക്ക് ആറുമാസത്തെ അവധി നല്‍കി. എന്നാല്‍ ആറുമാസം കഴിഞ്ഞ് സ്വത്ത് എഴുതികൊടുക്കാന്‍ നാസര്‍ ആവശ്യപ്പെട്ടുവെങ്കിലും അബൂബക്കറും ഭാര്യ സുഹ്‌റയും സ്വത്ത് എഴുതിനല്‍കിയില്ല. പിന്നീട് മധ്യസ്ഥന്മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദര്‍ഘാസ് ഭൂമി പതിച്ചുകൊടുത്താല്‍ നിശ്ചിതകാലത്തിനുള്ളില്‍ കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം. സുഹ്‌റ വിറ്റ സ്ഥലം ദര്‍ഘാസ് പതിച്ചുകിട്ടിയ ആളിനോട് വിലകൊടുത്തുവാങ്ങിയതാണ്. നിശ്ചിതകാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പാണ് സുഹ്‌റ സ്ഥലം വാങ്ങിയത്. പ്രസ്തുത സ്ഥലത്ത് നിര്‍മ്മിച്ച വീടും 20 സെന്റ് സ്ഥലവുമാണ് നാസര്‍ കച്ചവടം ഉറപ്പിച്ച് അഡ്വാന്‍സ് നല്‍കിയത്. ദര്‍ഘാസ് പതിച്ചുവാങ്ങി കാലാവധി തികയും മുമ്പ് വില്‍പ്പന നടത്തിയ ഭൂമി മറ്റൊരാള്‍ വാങ്ങിയാലും അത് സാങ്കേതികമായി കുടുക്കില്‍ അകപ്പെടും. അതുകൊണ്ട് ഭൂമി തനിക്ക് വേണ്ടെന്നും കൊടുത്ത 10 ലക്ഷം രൂപ പലിശയും കോടതി ചിലവും അടക്കം 15 ലക്ഷം രൂപ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് നാസര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം കോടതി ആമീന്‍ മുഖാന്തരം അമ്പലത്തറ മൂന്നാംമൈലിലെ കെട്ടിടത്തില്‍ നോട്ടീസ് പതിച്ചു. അമ്പലത്തറയില്‍ നിരവധി കെട്ടിടങ്ങളും ഭൂമിയുമുള്ള സമ്പന്നനാണ് കാലിച്ചാംപാറ അബൂബക്കര്‍. ആറുമാസം മുമ്പ് നാസര്‍ സ്ഥല ഉടമ സുഹ്‌റക്ക് ലോയര്‍ നോട്ടീസ് അയച്ചിരുന്നു. അതിന് മറുപടിപോലും അയച്ചില്ല. ഇത്തരം സാഹചര്യത്തിലാണ് നാസര്‍ നിയമനടപടി തുടങ്ങിയത്. ഇനി ഈ കേസ് തീരുന്നതുവരെ സ്ഥലവും വീടും മറ്റാര്‍ക്കും കൈമാറാനോ ധനകാര്യസ്ഥാപനങ്ങളില്‍ പണയപ്പെടുത്താനോ കഴിയില്ല.

Post a Comment

0 Comments