കാഞ്ഞങ്ങാട്: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ 108 ആംബുലന്‍സ് ഡ്രൈവറോട് കോവിഡ് രോഗിയായ രാവണേശ്വരം തണ്ണോട്ട് സ്വദേശിയായ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം നടത്തിയ അപമര്യാദയോടെയുള്ള പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ആംബുലന്‍സ് ഡ്രൈവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായതോടെയാണ് മന്ത്രി തന്നെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും മറ്റ് ഭരണസംവിധാനങ്ങളും മഹാമാരിക്കെതിരെ വിശ്രമമില്ലാതെ നടത്തുന്ന പോരാട്ടം എടുത്ത് പറഞ്ഞു കൊണ്ടാണ് മന്ത്രി ക്ഷമാപണം നടത്തിയത്.
മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച നാള് മുതല്‍ കഴിഞ്ഞ ആറ് മാസമായി വിശ്രമമില്ലാതെ അധ്വാനിക്കുകയാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും പോലീസ് സംവിധാനവും മറ്റു ഭരണ സംവിധാനങ്ങളും. നമ്മുടെ നാട് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് അവരുടെ അക്ഷീണ പ്രയത്നം. സ്വന്തം കുടുംബത്തെ പോലും കാണാന്‍ കഴിയാതെ കോവിഡിനെതിരായ യുദ്ധത്തില്‍ മുന്‍ നിരയില്‍ പോരാടുകയാണ് അവര്‍. ഈ പോരാട്ടത്തിനിടയില്‍ ഈ മഹാമാരി പിടിപെട്ടവരും ഉണ്ട്. അസുഖം തങ്ങളെയും ബാധിച്ചേക്കാം എന്ന ഉത്തമ ബോധ്യത്തില്‍ തന്നെയാണ് അവര്‍ നമ്മളെ സംരക്ഷിക്കാന്‍ പ്രയത്നിക്കുന്നത്. ഇക്കാര്യം നമ്മള് ഓരോരുത്തരം മനസിലാക്കണം. അവരുടെ ബുദ്ധിമുട്ടുകള്‍ നമ്മള് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.
നമ്മളെ സംബന്ധിച്ചിടത്തോളം രോഗം സ്ഥിരീകരിച്ചാല്‍ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ എത്തുക എന്നുള്ളതാണ് ചിന്ത. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംബന്ധിച്ചിടത്തോളം രോഗം സ്ഥിരീകരിച്ച അനേകം രോഗികളില്‍ ഒരാള്‍ മാത്രമാണ് നമ്മള്. മുമ്പത്തെ പോലെയല്ല. ഇപ്പൊ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതുകൊണ്ട് നമ്മള് ഉദ്ദേശിക്കുന്ന സമയത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തണമെന്നില്ല. ഇതുപോലുള്ള ചെറിയ ബുദ്ധിമുട്ടുകളുടെ പേരില്‍ നമ്മള് ആരോഗ്യ പ്രവര്‍ത്തകരുടെ അധ്വാനത്തെ ചോദ്യം ചെയ്യരുത്. കോവിഡ് സ്ഥിരീകരിച്ച എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പരുഷമായി പെരുമാറി എന്ന ആംബുലന്‍സ് ജീവനക്കാരന്റെ പരാതി ശ്രദ്ധയില്‍ പെട്ടു. ആ പരാതിക്കിടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. എന്റെ സ്റ്റാഫില്‍പെട്ട ഒരംഗത്തിന്റെ പെരുമാറ്റം ഒരു പരാതിക്ക് ഇടയാക്കിയതില്‍ ഞാന്‍ ആംബുലന്‍സ് ജീവനക്കാരനോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും മറ്റു സംവിധാനങ്ങളുടെയും ഒപ്പം പ്രവര്‍ത്തിക്കുന്ന എനിക്ക് അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാവും. നമ്മള് നമ്മുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസുകാരുടെയും കൂടി ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ നമ്മള് തയ്യാറാവണം. ആരോഗ്യപ്രവര്‍ത്തകരുടെ അധ്വാനവും ബുദ്ധിമുട്ടുകളും കൂടി മനസിലാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ പിന്തുണ നല്കാന് എല്ലാവരോടും ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്.
0 Comments