മടിക്കൈയിലെ വാഴകര്‍ഷകര്‍ക്ക് വേണ്ടി കൃഷി ഓഫീസറുടെ അഭ്യര്‍ത്ഥന വൈറലായി


മടിക്കൈ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേന്ത്രകായക്ക് കുത്തനെ വിലയിടിഞ്ഞതിനെ തുടര്‍ന്ന് ദുരിതത്തിലായ മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മടിക്കൈ കൃഷി ഓഫീസറുടെ അഭ്യര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ വൈറലായി.
കാലാവസ്ഥയേയും പ്രതിസന്ധികളേയും അതിജീവിച്ച് നേന്ത്രവാഴ കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതമനുഭവിക്കുന്ന വിവരം ജന്മദേശം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മടിക്കൈ കൃഷി ഓഫീസര്‍ അഞ്ജുവിന്റെ അഭ്യര്‍ത്ഥന നവമാധ്യമങ്ങളില്‍ വൈറലായത്. 'മടിക്കൈ കൃഷിഭവന്‍ പരിധിയിലെ നേന്ത്രവാഴ കര്‍ഷകര്‍ വിപണി ലഭ്യമല്ലാത്തതുകാരണം വിഷമഘട്ടത്തിലാണെന്നും അതിനാല്‍ നേന്ത്രവാഴ കുലയ്ക്ക് മതിയായ വില ലഭിക്കുന്നില്ലെന്നും കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ സുമനസ്സുകളും ഈ കര്‍ഷകരില്‍നിന്നും നേന്ത്രക്കുലവാങ്ങി സഹായിക്കണമെന്നായിരുന്നു കൃഷി ഓഫീസര്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കി നവമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചത്'.
കാസര്‍കോടിന്റെ വാഴത്തോട്ടമെന്നറിയപ്പെടുന്ന മടിക്കൈയില്‍ പ്രതിദിനം മൂന്ന് ടണ്ണോളം നേന്ത്രവാഴകുല വിളവെടുക്കാറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കിലോയ്ക്ക് 40 മുതല്‍ മുകളിലോട്ട് വില ലഭിച്ചിരുന്നു. ഇപ്പോള്‍ സീസണായിട്ടുകൂടി 26 രൂപയും അതിലും താഴെയുമാണ് വില ലഭിക്കുന്നത്. ഇത് കാരണം കര്‍ഷകര്‍ ആകെ പ്രതിസന്ധിയിലാണ്. മുന്‍കാലങ്ങളില്‍ മംഗലാപുരം, കണ്ണൂര്‍, കോഴിക്കോട്, വടകര, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസേന മടിക്കൈയില്‍ നിന്നും നേന്ത്രക്കുല ലോഡ്കണക്കിന് അയച്ചിരുന്നു. എന്നാല്‍ കൊവിഡും ലോക്ഡൗണുമാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയത്.
കഴിഞ്ഞ വര്‍ഷം മാത്രം രണ്ടരകോടിരൂപയുടെ നേന്ത്രക്കുലയാണ് മടിക്കൈ അമ്പലത്തുകരയിലെ നേന്ത്രവാഴക്കുല ശേഖരണകേന്ദ്രത്തില്‍ നിന്നും കയറ്റി അയച്ചത്. എന്നാല്‍ ഇക്കുറി ഇതിന്റെ പത്തിലൊന്നുപോലും കയറ്റി അയക്കാന്‍ കഴിഞ്ഞിട്ടില്ല. 15 രൂപക്ക് കന്നുവാങ്ങി വളപ്രയോഗങ്ങളും നടത്തി കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് മുടക്കുമുതല്‍ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്. മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകരുടെ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണമെന്നാവശ്യപ്പെട്ട് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ കൃഷി വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ വിള വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളുകയോ ഇവര്‍ക്ക് ആശ്വാസ സഹായം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഇവരുടെ ജീവിതം വഴിമുട്ടും.

Post a Comment

0 Comments