നീലേശ്വരം: കഴിഞ്ഞദിവസം അച്ചാംതുരുത്തി പുഴയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട തൈക്കടപ്പുറം മുപ്പതില്കണ്ടത്തില് സുരേശന്-സുജന ദമ്പതികളുടെ മകന് സൂരജിന്റെ(21) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
ഞായറാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ സൂരജ് പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച പിതാവ് നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ സൂരജന്റെ മൃതദേഹം അച്ചാംതുരുത്തി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരം നല്‍കിയത്. നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മൃതദേഹത്തില്‍ മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും കാണപ്പെട്ട പരിക്കുകളാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കാന്‍ കാരണം.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡിസിസി സെക്രട്ടറി മാമുനി വിജയന് ആവശ്യപ്പെട്ടിട്ടുണ്ട്.
സൂരജിന് അച്ചാംതുരുത്തിഭാഗത്തേക്ക് പോകേണ്ട യാതൊരു കാരണവുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം പരിചയമില്ലാത്ത രണ്ടുപേരുടെ കൂടെ ഞായറാഴ്ച സൂരജ് തൈക്കടപ്പുറം ഭാഗത്തേക്ക് പോകുന്നത് കണ്ടവരുണ്ട്.
എന്നാല്‍ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ കൊവിഡ് പരിശോധനക്ക് ശേഷംമാത്രമേ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളൂ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്മാത്രമേ മരണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ കഴിയുമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.
0 Comments