ജില്ലാ കോടതിയില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; ക്ലാര്‍ക്കിനെ പിരിച്ചുവിട്ടു


കാസര്‍കോട്: ജില്ലാ കോടതിയില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ ക്ലാര്‍ക്കിനെ പിരിച്ചുവിട്ടു.
ഇരിയണ്ണി സ്വദേശി വൈ.ശ്രീജിത്തിനെയാണ് പിരിച്ചുവിട്ടത്. കുടുംബകോടതിയില്‍ യുവതിക്ക് ചിലവിന് നല്‍കാന്‍ വിധിച്ച കേസില്‍ കോടതിയില്‍ കെട്ടിവെച്ച 311000ത്തിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ശ്രീജിത്തിനെ പിരിച്ചുവിട്ടത്. യുവതിയുടെ പണം തട്ടിയസംഭവത്തില്‍ ഹൈക്കോടതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കോടതി ശിരസ്ത്രാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
ഏതാനും മാസം മുമ്പ് ശ്രീജിത്ത് ക്രമക്കേട് നടത്തിയ തുക കോടതിയില്‍ തിരിച്ചടക്കുകയും ചെയ്തു. ഇതുപോലെ നിരവധി തട്ടിപ്പുകള്‍ ശ്രീജിത്ത് നടത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ ഒരു കേസില്‍ മാത്രമാണ് കോടതിക്ക് രേഖാമൂലം പരാതി ലഭിച്ചത്. ഗഡുക്കളായി നല്‍കേണ്ട തുക 1,30,000 നല്‍കിയെന്ന് കൃത്രിമരേഖയുണ്ടാക്കി യുവതിക്ക് 30,000 രൂപമാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ 1,30,000 കൊടുത്തതായി കോടതി രേഖകളില്‍ കാണിച്ചു. ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകനായ ശ്രീജിത്തിനെതിരെ അന്വേഷണം വന്നപ്പോള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ജില്ലാ ജഡ്ജിയുടെ ഇടപെടല്‍മൂലം ഇത് നടന്നില്ല.
ശ്രീജിത്ത് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. വലിയ വീട്, ഒന്നിലധികം വാഹനങ്ങള്‍, രാജകീയഭക്ഷണം എന്നിവയിലൂടെ തിരിമറി നടത്തിയ പണം വിനിയോഗിച്ചിട്ടുണ്ടാവുമെന്നാണ് നിഗമനം.

Post a Comment

0 Comments