സ്വര്‍ണക്കടത്ത്: അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്ക്, കാസര്‍കോട്ടും ബന്ധം



കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ കോഴിക്കോട് കൊടുവള്ളി കേന്ദ്രമാക്കി തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്ന് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട്. എന്‍.ഐ.എയ്ക്കു റിപ്പോര്‍ട്ട്‌കൈമാറി. കൊടുവള്ളിയിലെ ഒരു രാഷ്ട്രീയ നേതാവ് സംഘത്തിലെ ചിലരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടിലുണ്ട്. സിനിമാ താരങ്ങളും സെലിബ്രറ്റികളും വടക്കന്‍ മലബാറിലെ, പ്രത്യേകിച്ച് കാസര്‍കോട്, മലപ്പുറം, ജില്ലകളിലെയും തൃശൂരിലെയും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വര്‍ണ്ണ കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിസിറ്റിങ് വിസ നല്‍കി നടിമാരേയും സെലിബ്രിറ്റികളെയും വിദേശത്തേക്ക് അയയ്ക്കും. ഇവരുടെ ബാഗേജിലും അടിവസ്ത്രത്തിലും സ്വര്‍ണം മെഴുകുരൂപത്തിലാക്കി കടത്തും. ഇതിനായി പ്രത്യേക സാങ്കേതികവിദ്യ ഈ സംഘടനകള്‍ക്കുണ്ട്. തീവ്ര ഇടതുപക്ഷ ബന്ധമുള്ള പാലക്കാട് സ്വദേശിനിയുടെ യാത്രകള്‍ ദുരൂഹമാണ്.
പ്രതിവര്‍ഷം 100 കോടിയുടെ സ്വര്‍ണക്കടത്തും 1500 കോടിയുടെ ഹവാല ഇടപാടും നടക്കുന്നു. കൊടുവള്ളി സ്വദേശി ബഷീറിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാവും. രണ്ട് തീവ്രവാദ സംഘടനകളാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത്. 35 സ്ത്രീകള്‍ക്ക് ചാവേര്‍ പരിശീലനം നല്‍കിയാണ് കടത്തു നടത്തുന്നത്. ഇവരുടെ കുട്ടികളെയും സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലുള്ളത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 21 വരെ എന്‍. ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ. എ പ്രത്യേകകോടതി ജഡ്ജി പി.കൃഷ്ണകുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ കടത്തിയിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കല്ല നല്‍കിയതെന്നും തീവ്രവാദപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും എന്‍. ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. ആരാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. ഇന്ത്യയും യു.എ. ഇയുമായുള്ള നയതന്ത്രബന്ധത്തെത്തന്നെ ബാധിക്കുന്നതാണ് സംഭവം. കേസില്‍ വന്‍ഗൂഢാലോചന നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments