മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ആരോപണവും ബ്ലോക്ക് പ്രസിഡണ്ടിന്റെ രാജിയും: തെളിവെടുപ്പ് തുടങ്ങി


കാഞ്ഞങ്ങാട്: ഡിസിസി ഓഫീസില്‍ വെച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് പിന്നാലെ രാജന്‍ പെരിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ച സംഭവം കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു.
രാജന്റെ രാജിക്ക് പിന്തുണപ്രഖ്യാപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാടും ഡിസിസി പ്രസിഡണ്ടിന് രാജിക്കത്ത് നല്‍കി. ഇതോടൊപ്പം ഉദുമ ബ്ലോക്കിലെ നിരവധി നേതാക്കന്മാര്‍ രാജിസന്നദ്ധതയുമായി രംഗത്തുവന്നു.
36 ജനറല്‍ സെക്രട്ടറിമാരില്‍ 23 പേരും ആറ് വൈസ് പ്രസിഡണ്ടുമാരില്‍ നാലുപേരും രാജിസന്നദ്ധത അറിയിച്ചു. ഇതോടെ കെ.പി.സി.സി നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും അടിയന്തിരമായി പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ചില മുതിര്‍ന്ന കെ.പി.സി.സി നേതാക്കള്‍ രാജനോട് രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ഡിസിസി ആസ്ഥാനത്ത് സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രതികുമാര്‍ തെളിവെടുപ്പ് നടത്തി. ആരോപണം ഉന്നയിച്ച ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, സംഭവം നടക്കുമ്പോള്‍ ഓഫീസിലുണ്ടായിരുന്ന ഡിസിസി പ്രസിഡണ്ട് ഹക്കീംകുന്നില്‍, സെക്രട്ടറി വി.ആര്‍. വിദ്യാസാഗര്‍ എന്നിവരില്‍നിന്നുമാണ് രതികുമാര്‍ തെളിവ് ശേഖരിച്ചത്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടായതെന്ന് ഒരുവിഭാഗം പറയുമ്പോള്‍ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് രാജനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഗീതാകൃഷ്ണന്‍ ഭാരവാഹികളുടെ ലിസ്റ്റ് പോസ്റ്റ് ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമത്രെ. ആദ്യം നിശ്ചയിച്ച ലിസ്റ്റില്‍ മാറ്റംവരുത്തി പ്രവര്‍ത്തനസജ്ജരായ രണ്ടുപേരെ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് മുമ്പെ ലിസ്റ്റ് ഗ്രൂപ്പിലിട്ടതിനെ ബ്ലോക്ക് പ്രസിഡണ്ടുകൂടിയായ രാജന്‍ ചോദ്യം ചെയ്തു. ഇതുസംബന്ധിച്ച തര്‍ക്കമാണ് ഡിസിസി ഓഫീസില്‍ അരങ്ങേറിയത്. വാക്കേറ്റത്തിലെ ചില പദപ്രയോഗങ്ങള്‍ അതിരുകടന്നുവെന്നാണ് ഗീതാകൃഷ്ണന്റെ പരാതി.
എന്നാല്‍ ഇത് വളച്ചൊടിച്ച് തന്നെ സമൂഹമധ്യത്തില്‍ മോശക്കാരനായി ചിത്രീകരിക്കുകയും കുടുംബബന്ധത്തെ പോലും ബാധിക്കുംവിധം അപവാദപ്രചരണം നടത്തിയെന്നുമാണ് രാജന്‍ പറയുന്നത്. ഇതില്‍ മനംനൊന്താണ് രാജന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതത്രെ. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. ഉദുമ നിയോജക മണ്ഡലത്തില്‍ മാത്രമല്ല ജില്ലയിലൊട്ടാകെ ജനസ്വാധീനമുള്ള നേതാവാണ് രാജന്‍. ഉത്തരമലബാര്‍ തീയ്യ മഹാസഭ പ്രസിഡണ്ടും പെരിയ ശ്രീനാരായണ കോളേജ് ചെയര്‍മാനുമാണ്. ഡിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ സഹോദരനാണ്. രാജനും കുടുംബത്തിനും നേരെ പലതവണ സിപിഎം അക്രമണം ഉണ്ടായി. മകനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം നേരിട്ടാണ് രാജന്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചാലും വനിതാകോണ്‍ഗ്രസ് നേതാക്കളുമായി അനുരഞ്ജനം ഉണ്ടാകുകയും രാജി പിന്‍വലിക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ.

Post a Comment

0 Comments