റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്


നീലേശ്വരം : നീലേശ്വരത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണ്ണായകമാവാന്‍ പോവുകയാണ് പള്ളിക്കര റെയില്‍വേ മേല്‍പ്പാലം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2018ല്‍ മേല്‍പ്പാലത്തിന്റെ പ്രവര്‍ത്തി ആരംഭിക്കുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളിക്കര മേല്‍പ്പാലം അനുവദിച്ചതായി പ്രഖ്യാപനം വന്നിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തി ആരംഭിക്കാതിരുന്ന ഘട്ടത്തിലാണ് 2017 സെപ്തംബര്‍ 18 ന് അന്നത്തെ എം.പി പി.കരുണാകരന്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ പള്ളിക്കര റെയില്‍വേ ഗെയിറ്റ് പരിസരത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. അന്നത്തെ കണ്ണൂര്‍ എം.പി യായിരുന്ന പി.കെ.ശ്രീമതി ടീച്ചറായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ദിവസങ്ങള്‍ നീണ്ട സമരം അതിശക്തമായ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, അന്നത്തെ ഖാദി ബോര്‍ഡ് ചെയര്‍മാന്‍ എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , നഗരസഭ ചെയര്‍മാന്‍ പ്രഫ:കെ.പി.ജയരാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ: വി.പി.പി.മുസ്തഫ, നാഷണന്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ സംസ്ഥാന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യോഗത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ ആറുവരി മേല്‍പ്പാലത്തിന് പച്ചക്കൊടി ഉയരുകയായിരുന്നു. ഇതിന്റെ ഭാഗമായി അടിയന്തിരമായി മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ നടപടി സ്വീകരിച്ച് പ്രവര്‍ത്തി തുടങ്ങാന്‍ തീരുമാനമാവുകയും ചെയ്തു.
2018 ഒക്ടോബര്‍ 30 ന് അന്നത്തെ എം.പി പി.കരുണാകരന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുടെ അദ്ധ്യക്ഷതയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ കോണ്‍ഫറസിലൂടെ പ്രവര്‍ത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 64.43 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് പ്രവര്‍ത്തി ഏറ്റെടുത്തത്. 780 മീറ്റര്‍ മേല്‍പ്പാലവും 700 മീറ്റര്‍ അനുബന്ധ റോഡുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. സര്‍വീസ് റോഡുകളും വിപുലമായ ഡ്രയിനേജും പദ്ധതിയുടെ പ്രത്യേകതകളാണ്.
2019 ല്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്ക കെടുതിയും കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ഉണ്ടായ ലോക്ക് ഡൗണും അതിഥി തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടങ്ങി പോക്കും നിര്‍മ്മാണത്തിന്റെ വേഗത കുറച്ചുവെങ്കിലും 2020 അവസാനത്തോടെ പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് എന്‍ എച്ച് എഐ അധികൃതരും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനിയും നാട്ടുകാരും.

Post a Comment

0 Comments