ആപ്പ് വിനയായി, ബിവറേജസിന് കെ.എസ്.ആര്‍.ടി.സിയുടെ ഗതി ?


കാഞ്ഞങ്ങാട്: എക്കാലത്തും ലാഭമുണ്ടാക്കിയിരുന്ന കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനും(കെ.എസ്.ബി.സി) പ്രതിസന്ധിയില്‍. മദ്യവില്‍പ്പന ഇതുപോലെയാണു തുടരുന്നതെങ്കില്‍ അധികം വൈകാതെ ബിവറേജസ് കോര്‍പ്പറേഷനും കെ.എസ്.ആര്‍.ടി.സി.യുടെ ഗതിവരുമെന്നാണ് ജീവനക്കാരുടെ ആശങ്ക. ബെവ്ക്യു ആപ്പ് വഴി ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയതോടെ ബിവറേജ് ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പ്പന 50 മുതല്‍ 80 ശതമാനംവരെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് ബെവ്ക്യു ആപ്പിന് രൂപം നല്‍കിയത്. ഓരോ ഔട്ട്‌ലെറ്റിലേക്കും ബാറിലേക്കും ദിവസം പരമാവധി 400 ടോക്കണാണ് അനുവദിക്കുക. ടോക്കണ്‍ ബുക്കിങ്ങിന് ഉപഭോക്താവിന്റെ പിന്‍കോഡ് ചോദിക്കുമെങ്കിലും വാങ്ങേണ്ട ഔട്ട്‌ലെറ്റ് തെരഞ്ഞെടുക്കാന്‍ കഴിയില്ല. ബുക്കിങ് ബാറുകളിലേക്കും ഔട്ട്‌ലെറ്റുകളിലേക്കുമായി വീതിക്കും.
ഇതുമൂലം 25 കിലോമീറ്ററിലധികം അകലെയുള്ള ഔട്ട്‌ലെറ്റുകളിലേക്കാണ് ടോക്കണ്‍ കിട്ടുന്നതെന്ന് പരാതി ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ എല്ലായിടത്തും 400 ടോക്കണും ബുക്ക് ചെയ്യപ്പെട്ടു. അതില്‍ കൗതുകത്തിന് ബുക്ക് ചെയ്തവരും സമീപത്തുള്ള ഔട്ട്‌ലെറ്റ് കിട്ടാത്തവരും വാങ്ങാന്‍ എത്തിയില്ല. നിലവില്‍ ഓരോ ഔട്ട്‌ലെറ്റിലും 85 മുതല്‍ 125 വരെ ടോക്കണ്‍ ആണ് ബുക്കിങ് ആവുന്നത്. അതിനാല്‍ ടോക്കണ്‍ അനുവദിച്ച സമയം ഉച്ചയോടെ കഴിയും.
പ്രവൃത്തി സമയം രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെയാണെങ്കിലും ഔട്ട്‌ലെറ്റിലേക്ക് അനുവദിച്ച അവസാന ടോക്കണിന്റെ സമയം കഴിഞ്ഞാല്‍ പിന്നെ ബില്ലടിക്കാന്‍ വ്യവസ്ഥയില്ല. അതിനാല്‍ അവസാന ടോക്കണിലെ സമയം ഉച്ചക്ക് 12 മണി ആയാല്‍ തുടര്‍ന്നുള്ള അഞ്ചുമണിക്കൂര്‍ നേരം ജീവനക്കാര്‍ ഹാജരുണ്ടെങ്കിലും വില്‍പ്പന നടക്കില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് 250300 ടോക്കണ്‍ വരുന്നത്. നേരത്തെ രാവിലെ പത്തുമുതല്‍ രാത്രി ഒമ്പതുമണിവരെയാണ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ അഞ്ചുമണി മുതല്‍ ഒമ്പതുവരെയുള്ള സമയത്തിന് ജീവനക്കാര്‍ക്ക് ഓവര്‍ടൈം അലവന്‍സും അനുവദിച്ചിരുന്നു.
ഇപ്പോള്‍ പ്രവൃത്തിസമയം രാവിലെ ഒരുമണിക്കൂര്‍ നേരത്തെയാക്കിയതിന് അലവന്‍സ് അനുവദിക്കണമെന്നാണു ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. പക്ഷേ, നേരത്തേ ദിവസം 12 ലക്ഷം രൂപ വരെ വില്‍പ്പന നടന്നിരുന്ന ഔട്ട്‌ലെറ്റുകളില്‍ ഇപ്പോള്‍ ഒന്നരലക്ഷം പോലും എത്തുന്നില്ല. മാസം ശരാശരി മൂന്നുകോടിയുടെ വില്‍പ്പന നടത്തിയിരുന്ന ഔട്ട്‌ലെറ്റുകളില്‍ 1.20 കോടിയുടെ വില്‍പ്പനയാണുള്ളത്. ലൈസന്‍സ് പുതുക്കലും നികുതിയുമായി സര്‍ക്കാരിന് ബാറുകളില്‍നിന്നു വരുമാനം ലഭിക്കുന്നതിനാല്‍ ബിവറേജസിലെ മാന്ദ്യം പരിഗണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ നില തുടര്‍ന്നാല്‍ കോര്‍പ്പറേഷന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തും.

Post a Comment

0 Comments