കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണ പരാതിയില്‍ പോലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രവാസിയുമായ ദീവേഷ് ചേനോളിക്കെതിരെയാണ് കേസെടുത്തത്. ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനിയാണ് പരാതി നല്‍കിയത്.
അടുത്ത മേയര്‍ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് കണ്ടു വച്ച സുരേന്ദ്രന്റെ മരണം പാര്‍ട്ടിക്കത്ത് തന്നെയുണ്ടായ സൈബാറാക്രമണം കൊണ്ടാണെന്ന് കെപിസിസി അംഗം കെ. പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെ കൊണ്ട് അഴിമതി ആരോപണവും ജാതി അധിക്ഷേപവും നടത്തിച്ചത് മേയര്‍ കസേര നോട്ടമിട്ടിരിക്കുന്ന പി.കെ.രാഗേഷാണെന്ന് കോണ്‍ഗ്രസിനകത്ത് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് നിഷേധിച്ച പി.കെ.രാഗേഷ് പക്ഷെ, കെ.സുധാകരന് സൈബര്‍ ഗുണ്ടയെന്ന് വിശേഷിപ്പിച്ച ദീവേഷിന് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് ചെയ്തത്.
സുരേന്ദ്രനെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ തനിക്ക് പങ്കില്ലെന്നും മേയര്‍ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെ തീരുമാനിച്ചിരുന്നതായി അറിയില്ലെന്നും പി.കെ.രാഗേഷ് പറഞ്ഞു. കോണ്‍ഗ്രസിലുണ്ടായ തമ്മിലടിക്ക് പിന്നാലെ സിപിഎം ഇത് രാഷ്ട്രീയ ആയുധമാക്കി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിക്കകത്ത് നേരിട്ട സൈബറാക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് മരിച്ചതെന്ന കെപിസിസി അംഗത്തിന്റെ പരാതി പോലീസ് അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന് ആവശ്യപ്പെട്ടു. സി.പി.എം സുരേന്ദ്രന്റെ മരണത്തെ രാഷ്ട്രീയമായി ആയുധമാക്കുന്നതിനിടെയാണ് ഡിസിസി അധ്യക്ഷന്‍ പോലീസില്‍ പരാതി നല്‍കിയത്.
മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് സതീശന് പാച്ചേനി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.സുരേന്ദ്രന് നേരെ സൈബര്‍ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട്. ഇത് അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കെപിസിസി അംഗം കെ.പ്രമോദ് പാര്‍ട്ടിയോട് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
0 Comments