വ്യാപാരിയില്‍ നിന്നും രണ്ടുലക്ഷം രൂപ കൊള്ളയടിച്ച മൂന്നുപേര്‍ പിടിയില്‍


ഉദുമ: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയെ തടഞ്ഞുനിര്‍ത്തി രണ്ടേകാല്‍ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് സൂത്രധാരന്മാരെ ബേക്കല്‍ ഐപി പി.നാരായണനും എസ്.ഐ പി.അജിത്ത്കുമാറും സംഘവും അറസ്റ്റു ചെയ്തു.
ഏതാനും മാസം മുമ്പ് കുഴല്‍പണ കടത്ത് ഏജന്റില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തതും ഇതേ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു.
നെല്ലിക്കട്ട അതിര്‍കുഴിയിലെ സുജിത്ത്(30), കോട്ടിക്കുളത്തെ അബ്ദുള്‍ സലാം(50), കര്‍ണ്ണാടക സ്വദേശിയും നെല്ലിക്കട്ട സ്വദേശിയുമായ മുഹമ്മദ് സഫീര്‍(28) എന്നിവരെയാണ് ഇന്നലെ രാത്രി പോലീസ് അറസ്റ്റുചെയ്തത്. സൈബര്‍ സെല്ലിലൂടെ നിരീക്ഷിച്ച ഇവരുടെ സഞ്ചാരറൂട്ട് കണ്ടെത്തി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തന്ത്രപൂര്‍വ്വമാണ് അറസ്റ്റുചെയ്തത്. ഉദുമ പാക്യാര ബദരിയ നഗര്‍ സ്വദേശി ഹനീഫ തളങ്കരയെ കൊള്ളയടിച്ച സംഭവത്തിലാണ് മൂന്നുപേരും പിടിയിലായത്. സംഭവത്തില്‍ കൃത്യം നടത്തിയവരെകൂടി അറസ്റ്റുചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 24 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. കാസര്‍കോട് ട്രാഫിക് ജംഗ്ഷന് സമീപം പഴയ സ്വര്‍ണം എടുത്ത് വില്‍ക്കുന്ന കട നടത്തുന്ന ഹനീഫ കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പാക്യാര കുന്നില്‍ രക്തേശ്വരി ക്ഷേത്രത്തിന് സമീപം വെച്ചാണ് തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തിയത്. കവര്‍ച്ചാസംഘം ക്ഷേത്രത്തിന് സമീപത്ത് വെളള ഷിഫ്റ്റ് കാറിനടുത്ത് നില്‍ക്കുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ ഹനീഫയെ ബലമായി തടഞ്ഞ് നിര്‍ത്തി സ്‌കൂട്ടര്‍ ചവിട്ടിവീഴ്ത്തിയ ശേഷം മുഖം പൊത്തിപിടിച്ച് പാന്റിന്റെ കീശയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ സംഘത്തിലെ അബ്ദുള്‍ സലാമാണ് കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍. ഇയാളാണ് ഹനീഫയുടെ സഞ്ചാരറൂട്ടും പണം സൂക്ഷിക്കുന്ന സ്ഥലവും കൃത്യമായി കണ്ടെത്തി കൊള്ളസംഘത്തിന് കൈമാറിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ അറസ്റ്റോടെ ഇതുകൂടാതെ വേറെയും പല കേസുകളും തെളിയുമെന്ന് പോലീസ് കരുതുന്നു.

Post a Comment

0 Comments