കാഞ്ഞങ്ങാട്: താമസസ്ഥലത്ത് മരണപ്പെട്ട അതിഥിതൊഴിലാളിയുടെ മൃതദേഹം കൊണ്ടുപോകാനായി പശ്ചിമബംഗാളില്‍ നിന്നും ആംബുലന്‍സുമായി എത്തിയ ഭാര്യാസഹോദരന്‍ മൃതദേഹം കൊണ്ടുപോകാനാവാതെ നിരാശനായി മടങ്ങി.
നാലുദിവസം മുമ്പ് മാലോം വള്ളിക്കടവിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി സമരേഷ് കര്‍ണ്ണാകറിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഭാര്യാസഹോദരനായ സുമയ്യന് ആംബുലന്‍സുമായി കാഞ്ഞങ്ങാട്ടെത്തിയത്.
ജില്ലാ ആശുപത്രി മോര്‍ച്ചറിയിലെത്തിയ സുമയ്യന് സഹോദരി ഭര്‍ത്താവിന്റെ അഴുകിയ മൃതദേഹമാണ് കണ്ടത്. പോസ്റ്റുമോര്‍ട്ട നടപടികൂടി കഴിഞ്ഞതോടെ മൃതദേഹം കൂടുതല്‍ അഴുകിയതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതായത്. കഴിഞ്ഞ ശനിയാഴ്ചയാണ് മലയോര ഹൈവേ നിര്‍മ്മാണത്തിനെത്തിയ സമരേഷിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനക്കായി സ്രവമെടുത്തശേഷം മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി വെള്ളരിക്കുണ്ട് സി.ഐ പ്രേംസദനും സംഘവും എത്തിയപ്പോഴാണ് മൃതദേഹം അഴുകിയനിലയില്‍ കണ്ടത്. സിഐയോടൊപ്പം എത്തിയ സാമൂഹ്യപ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനോട് കാര്യം തിരക്കിയപ്പോള്‍ മോര്‍ച്ചറിയില്‍ വൈദ്യുതി ഇല്ലാത്തതാണ് മൃതദേഹം അഴുകാന്‍ ഇടയായതെന്നായിരുന്നു മറുപടി നല്‍കിയത്.
ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് സമരേഷിന്റെ ഭാര്യ ശിഖയാണ് ഭര്‍ത്താവിനെ അവസാനമായി ഒരുനോക്കുകാണാന്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായി സഹോദരനെ അംബുലന്‍സുമായി കാഞ്ഞങ്ങാട്ടേക്കയച്ചത്. എന്നാല്‍ അഴുകിയ മൃതദേഹം കൊണ്ടുപോകാന്‍ കഴിയാതെ പരിയാരം ഗ്രാമ പഞ്ചായത്തിന്റെ പൊതു ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു. ചൊവ്വാഴ്ചയോടെ മൃതദേഹം പശ്ചിമബംഗാളിലെ നാട്ടിലേക്കെത്തുമെന്ന് കരുതി ബന്ധുക്കള്‍ ചിതയൊരുക്കി കാത്തുനിന്നിരുന്നു. അതിഥിതൊഴിലാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ അഴുകാന്‍ ഇടയായ സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
0 Comments