കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന് ഇറച്ചി പങ്കിട്ടെടുത്തു


കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പരിധിയില്‍ കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം നായാട്ട് സജീവമായി.
പഞ്ചായത്തിലെ ഒരു ക്ഷേത്രത്തില്‍ നിവേദ്യത്തിനെന്ന് പറഞ്ഞാണ് രാത്രികാലങ്ങളില്‍ കള്ളത്തോക്ക് ഉപയോഗിച്ച് പന്നിയടക്കമുള്ള കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത്. നിവേദ്യം അര്‍പ്പിക്കുന്ന ക്ഷേത്രത്തില്‍ കൊവിഡ് കാലം തുടങ്ങിയതുമുതല്‍ പൂജാദികര്‍മ്മങ്ങളില്ല. ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാനാണ് ക്ഷേത്രനിവേദ്യത്തിന്റെ കാരണം പറയുന്നത്.
ഏതാനും ദിവസം മുമ്പ് ഒരു സിപിഎം നേതാവിന്റെ ബന്ധുവിന്റെ പുതുക്കുന്നിലെ വീട്ടുകിണറ്റില്‍വീണ കാട്ടുപന്നിയെ കള്ളത്തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊന്ന് കരക്കുകയറ്റി ഇറച്ചി പങ്കിട്ടെടുത്തു. നേതാവിനും കിട്ടി ഒരു ഓഹരി. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്ന നേതാവിന്റെ ചാന്‍സ് പന്നിയിറച്ചിയില്‍തട്ടി നഷ്ടപ്പെടുമോ എന്ന സംശയം സിപിഎം പ്രവര്‍ത്തകരില്‍ ഉടലെടുത്തിട്ടുണ്ട്. മുമ്പ് ഒരുവിരുതന്‍ ഞായറാഴ്ച ദിവസങ്ങളില്‍ കാട്ടുപന്നിയിറച്ചി വില്‍പ്പന നടത്തിയിരുന്നു. കിലോക്ക് 170 രൂപയ്ക്ക് ലഭിച്ചിരുന്ന ഫാം പന്നിയിറച്ചി 500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ഒടുവില്‍ ഫാംപന്നിയുടെ ഇറച്ചിയാണ് കാട്ടുപന്നിയാണെന്ന വ്യാജേന വില്‍പ്പന നടത്തുന്നതെന്ന രഹസ്യം പുറത്തുവന്നതോടെയാണ് തട്ടിപ്പ് അവസാനിപ്പിച്ചത്.

Post a Comment

0 Comments