കൊച്ചി: സ്വര്‍ണം അടങ്ങിയ കള്ളക്കടത്ത് ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ വിമാനത്താവള ജീവനക്കാരും എമിറേറ്റ്സ് ജീവനക്കാരും സഹായിച്ചിരിക്കാമെന്ന് കസ്റ്റംസ് നിഗമനം. തനിക്ക് പകരം ബാഗേജ് അയക്കാന്‍ അറ്റാഷെ തന്നെ ചുമതലപ്പെടുത്തിയെന്ന് കാണിച്ച് ഫൈസല്‍ ഫരീദ് ഹാജരാക്കിയ കത്ത് വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ കത്തില്‍ കോണ്‍സുലേറ്റിന്റെ മുദ്രയോ അറ്റാഷെയുടെ ഒപ്പോ ഉണ്ടായിരുന്നില്ല. പിന്നെ, എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ബാഗ് കോണ്‍സുലേറ്റ് വിലാസത്തില്‍ അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയതെന്ന് കണ്ടെത്താന്‍ എമിറേറ്റ്സ് ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നീക്കം തുടങ്ങി.
ആദ്യം എമിറേറ്റ്സിന്റെ തിരുവനന്തപുരം എയര്‍പോര്‍ട്ട് മാനേജറുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റിലേക്കുള്ള വിലാസത്തില്‍ വന്ന ബാഗേജ് അയക്കാനായി ഫൈസല്‍ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ മുദ്രയോ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പോ ഇല്ല. അറ്റാഷെ ഇല്ലാത്തപ്പോള്‍ തന്നെ ബാഗേജ് അയക്കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയെന്ന് കാണിച്ചുകൊണ്ടുള്ള കത്താണ് ഫൈസല്‍ ഫരീദ് ഹാജരാക്കിയത്. ഇത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ളതാണെന്നതിന് കൃത്യമായ യാതൊരു മുദ്രയും കത്തില്‍ ഇല്ലെന്നിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് ഈ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിന് അനുമതി നല്‍കിയത് എന്നാണ് അറിയേണ്ടത്.
എന്നാല്‍ എല്ലാ കടത്തും വ്യാജ കത്തുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കസ്റ്റംസ് കരുതുന്നില്ല. ചില കള്ളക്കടത്ത് നടന്നത് യഥാര്‍ത്ഥ കത്തുകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു. ഡിപ്ലോമാറ്റിക് ബാഗ് അയക്കാനുള്ള കൂട്ടത്തില്‍ ഈ വസ്തുക്കള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കസ്റ്റംസ് കരുതുന്നത്. ഇതില്‍ കൃത്യമായ വ്യക്തത വരണമെങ്കില്‍ അറ്റാഷെയുടെ മൊഴിയെടുക്കണം. അറ്റാഷെ ദില്ലിയില്‍ നിന്ന് ദുബായിലേക്ക് പോവുകയും ചെയ്തു.
ജൂണ്‍ 30ന് 30 കിലോ സ്വര്‍ണമടങ്ങിയ ബാഗ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതിന് പിറ്റേന്ന് സരിത്ത് ഈ ബാഗ് ശേഖരിക്കാന്‍ എത്തിയിരുന്നു. അവിടെ വച്ച് സരിത്തും ഒരു കത്ത് ഹാജരാക്കിയിരുന്നു. വരുന്ന ഡിപ്ലോമാറ്റിക് ബാഗ് അറ്റാഷെയ്ക്ക് വേണ്ടി സ്വീകരിക്കാനുള്ള കത്തായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട വേ ബില്ലും സരിത്ത് ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ കത്തും വേബില്ലും വ്യാജമായിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ആവശ്യമായ ഫോര്‍മാറ്റിലല്ല സരിത്ത് ഹാജരാക്കിയ കത്ത് ഉള്ളത്. ഒപ്പം പ്രോട്ടോക്കോള്‍ ഓഫീസറുടെ ഒപ്പും ഈ കത്തില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഫൈസല്‍ ഫരീദ് അയച്ചതും സരിത്ത് സ്വീകരിക്കാന്‍ എത്തിയതും വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് വ്യക്തമാവുകയാണ്. അയച്ച സ്ഥലത്തുനിന്നോ ലഭിച്ച സ്ഥലത്തുനിന്നോ ഇതില്‍ കൃത്യമായ പരിശോധനയുണ്ടായില്ല എന്നതാണ് കസ്റ്റംസിന് സംശയം ഉണ്ടാക്കുന്ന കാര്യം. വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ സാധനങ്ങള്‍ അയക്കാന്‍ കഴിഞ്ഞത് എങ്ങനെ എന്നതില്‍ വിശദമായ അന്വേഷണമുണ്ടാകും.
ഇത്തരത്തില്‍ സാധനങ്ങള്‍ അയക്കാന്‍ ഫൈസല്‍ ഫരീദിനും സ്വീകരിക്കാന്‍ സരിത്തിനും കഴിഞ്ഞെങ്കില്‍ ഇതിന് പിന്നില്‍ വിമാനത്താവളജീവനക്കാരുടെയും വിമാനക്കമ്പനി ജീവനക്കാരുടെയും സഹായമുണ്ടാകുമെന്ന് തന്നെയാണ് വിവരം. ഇതില്‍ വ്യക്തത വരാനാണ് ചോദ്യം ചെയ്യുന്നത്.
0 Comments