കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരിദിനെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഇയാളെവിടെയാണെന്നും കസ്റ്റംസ് മനസിലാക്കി. ഇതിന് പിന്നാലെ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഫൈസല്‍ ആരോപിച്ചു. അതിന് പിന്നാലെ കഴിഞ്ഞ ദിവസം ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്കി. ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം.
അതിനിടെ ഇന്നലെ ഫൈസലിന്റെ തൃശ്ശൂരിലെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ഈ ബാങ്കുകളില്‍ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകള്‍ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ ഉച്ചയോടെയാണ് കസ്റ്റംസ് എത്തിയത്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സീല്‍ വെച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കല്‍ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.
അതേ സമയം കോഴിക്കോട്ടെ ഹെസ ജ്വല്ലറി ഉടമയെ ഇന്ന് ചോദ്യം ചെയ്യും. പണം മുന്‍കൂര്‍ നല്കി ഇവര്‍ സ്വര്‍ണ്ണ റാക്കറ്റ് വഴി സ്വര്‍ണം വരുത്തിയെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഹെസയില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണത്തിന് രേഖകളില്ല. ഇവര്‍ക്ക് കള്ളക്കടത്ത് സ്വര്‍ണം നല്‍കിയെന്ന് കേസില്‍ പിടിയിലായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു.
0 Comments