നീലേശ്വരം: രാജ്മോഹന്‍ ഉണ്ണിത്താന്റെയും ഡിസിസിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാറിന്റെയും ഡിസിസി പ്രസിഡണ്ടിന്റെയും താക്കീത് വകവെക്കാതെ നീലേശ്വരത്ത് വീണ്ടും ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ഐ ഗ്രൂപ്പിലെ ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്, ഡിസിസി സെക്രട്ടറി എം.അസൈനാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മടിയന്‍ ഉണ്ണികൃഷ്ണന്, കെ.എം.തമ്പാന് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 10.30 മുതല്‍ 12 മണിവരെ പടിഞ്ഞാറ്റം കൊഴുവലിലെ ഒരുവീട്ടില്‍ രഹസ്യയോഗം ചേര്‍ന്നത്. നീലേശ്വരം നഗരസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം ചര്‍ച്ചചെയ്തത്. കെ.എം.തമ്പാന്റെ ഭാര്യ കുറുവാട്ട് രാധയെ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന മുന്‍ തീരുമാനം നടപ്പിലാക്കാനാണ് യോഗം തീരുമാനിച്ചത്.
രാജ്മോഹന്‍ ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ കഴിഞ്ഞ ആഴ്ച യോഗം ചേരുകയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടി തീരുമാനപ്രകാരം ഒറ്റക്കെട്ടായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടണമെന്നായിരുന്നു ആ യോഗത്തില്‍ തീരുമാനിച്ചത്. ഈ തീരുമാനം ലംഘിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട്പോകുന്നവര്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യോഗത്തില്‍ കെ.പി.സി.സി നിയോഗിച്ച സമിതി താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഈ തീരുമാനം ലംഘിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. ഈ ഗ്രൂപ്പ് യോഗത്തില്‍ വെച്ച് ഐ ഗ്രൂപ്പുകാരനായ മാമുനി വിജയനെ അനൗദ്യോഗികമായി എ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
0 Comments