ബി.ജെ.പിയും എല്‍.ഡി.എഫും ജോസ് കെ മാണിക്ക് പിന്നാലെ


കോട്ടയം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെ പാട്ടിലാക്കാന്‍ സിപിഎമ്മും ബി.ജെ.പിയും പിന്നാലെകൂടി. പുറത്താക്കലിന് നേതൃത്വം നല്‍കിയ യുഡിഎഫിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ജോസ് കെ മാണിയുമായി ബന്ധപ്പെട്ട് അനുരഞ്ജന നീക്കം തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും കേരളാ കോണ്‍ഗ്രസിന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ മത്സരിക്കുകയാണ്.
കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാണ് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസെന്ന് കോടിയേരിയും വിജയരാഘവനും പരസ്യമായി പ്രസ്താവനയിറക്കി. ഇതിനിടയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെയും ടോം വടക്കനെയും മധ്യസ്ഥന്മാരാക്കി ബി.ജെ.പിയും ജോസ് കെ മാണിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ പെട്ടെന്ന് ഏതെങ്കിലും മുന്നണിയിലേക്ക് ചരിയാതെ സ്വതന്ത്രമായി നിന്ന് വിലപേശാനാണ് ജോസ് കെ മാണിയുടെയും കൂട്ടരുടേയും തീരുമാനം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും കേരള നിയമസഭയിലേക്കും അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനുള്ളതുകൊണ്ട് ഒരുവിധമുള്ള ഡിമാന്റുകള്‍ എല്‍ഡിഎഫും ബി.ജെ.പിയും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവും അംഗീകരിക്കുമെന്നുതന്നെയാണ് ജോസ് കെ മാണിയും നേതാക്കളും കണക്കുകൂട്ടുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചാല്‍ യുഡിഎഫിലേക്ക് മടങ്ങിവരാമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ച് പറഞ്ഞുവെങ്കിലും ജോസ് അതിന് തയ്യാറായിട്ടില്ല. ധൃതിപിടിച്ച് യുഡിഎഫില്‍ നിന്നും പുറത്താക്കേണ്ടതില്ലായിരുന്നുവെന്നാണ് പല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളുടേയും നിലപാട്.
ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്തായാലും തങ്ങള്‍ യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. അതുകൊണ്ടുതന്നെ എംപി സ്ഥാനം രാജിവയ്ക്കില്ല. തങ്ങളെ കുറിച്ചുള്ള എല്‍ഡിഎഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും സ്വാഗതം ചെയ്യുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകും. മുന്നണികളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ല. കേരള കോണ്‍ഗ്രസില്‍ മുമ്പും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ജോസഫ് മൂന്ന് ദിവസം മുന്‍പ് പറഞ്ഞതാണ് യുഡിഎഫ് ആവര്‍ത്തിച്ചത്. എന്തെങ്കിലും കൂട്ടുകെട്ട് ഉണ്ടോ എന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

0 Comments