മുട്ടിച്ചരലില്‍ റവന്യൂ ഭൂമി കയ്യേറി കുടില്‍കെട്ടി


പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്തിലുള്‍പ്പെടുന്ന ഇരിയ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ റവന്യൂ ഭൂമി കയ്യേറി കുടില്‍ കെട്ടിയതായി പരാതി. ഇതേ സ്ഥലത്ത് താമസത്തിനെത്തിയ മറ്റു പാര്‍ട്ടിക്കാരെ അടിച്ചോടിക്കുകയും അവരുടെ കുടിലുകള്‍ തകര്‍ക്കുകയും ചെയ്തതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. മുട്ടിച്ചരലിലെ അഞ്ചേക്കറോളം വരുന്ന റവന്യൂ ഭൂമിയില്‍ മൂന്നു വര്‍ഷം മുമ്പാണ് കൈയേറ്റം തുടങ്ങിയത്. സമീപപ്രദേശങ്ങളില്‍ നിന്നുതന്നെ ഉള്ള ആളുകള്‍ ഇവിടെയെത്തി കുടില്‍കെട്ടി താമസം തുടങ്ങുകയും പിന്നീട് കൂടുതല്‍ ആളുകളെ കൊണ്ടുവന്ന് പുതിയ കുടിലുകള്‍ നിര്‍മിക്കുകയുമായിരുന്നു. ഇതില്‍ പലരും സ്വന്തമായി വേറെ ഭൂമിയുള്ളവരാണെന്നും പറയുന്നു. ജെസിബി ഉപയോഗിച്ച് പാറപൊട്ടിച്ചു പോലും ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.
ഭൂമി കൈയേറി താമസിക്കുന്നവരില്‍ ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരും അല്ലാത്തവരുമുണ്ട്. ആദ്യഘട്ടത്തില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ നിര്‍ലോഭമായ പിന്തുണയും കൈയേറ്റത്തിന് ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പിന്നീട് ഈ സംഘവുമായി ബന്ധമില്ലാത്ത മറ്റാളുകളും ഇവിടെ എത്തിത്തുടങ്ങിയതോടെ ആദ്യമെത്തിയ ആളുകള്‍ അവര്‍ക്കെതിരെ തിരിയുകയായിരുന്നു. അടുത്തിടെ ഇവിടെ കെട്ടിയ നാലോളം കുടിലുകള്‍ അടിച്ചുതകര്‍ത്ത് ആളുകളെ കുടിയൊഴിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റവന്യൂ അധികൃതരും ഇത് അനധികൃത കൈയേറ്റമാണെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ നേരത്തേ ഇവിടെ താമസിക്കുന്നവരുടെ കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇവിടെ നിന്നുള്ള ഭൂമി അര്‍ഹരായ ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കുന്നതിനായി നേരത്തേ കണ്ടുവച്ചിരുന്നതാണെങ്കിലും അതിനുള്ള നടപടിക്രമങ്ങള്‍ ആകുന്നതിനുമുമ്പു തന്നെ ഒരു വിഭാഗം ഭൂമി കൈയേറി താമസം തുടങ്ങുകയായിരുന്നു. ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അനധികൃത കൈയേറ്റം പൂര്‍ണമായും ഒഴിപ്പിച്ച് അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ട് പറഞ്ഞു.

Post a Comment

0 Comments