നീലേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഎം ശ്രമം തുടങ്ങി.
നേരത്തെ രണ്ടുപേരുകള്‍ പാര്ട്ടിക്കുമുമ്പാകെ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അണികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ രണ്ട് പേരുകളും തല്ക്കാലം മാറ്റിവെക്കാനാണ് ഏരിയാ നേതൃത്വത്തിന്റെ തീരുമാനം. എംപ്ലോയ്മെന്റ് ഓഫീസറായി വിരമിച്ച രമാവതി, രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം.എസ്.വാസുദേവന്റെ മാതാവും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസുമായ ശ്രീദേവി എന്നിവരായിരുന്നു നേരത്തെ പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കണ്ടുവെച്ചത്. ഇരുവരും സര്വ്വീസിലുണ്ടായിരിക്കുമ്പോള് സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹികളായിരുന്നു. എന്നാല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കരുതെന്ന് ബ്രാഞ്ച് തലങ്ങളില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തകരും സംഘടനാപാരമ്പര്യമുള്ളവരേയും ആയിരിക്കണം കൗണ്‍സിലിലേക്ക് മത്സരിപ്പിക്കണ്ടതെന്നാണ് അണികളില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് ആരെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി പുനരാലോചന തുടങ്ങിയത്. പാര്‍ട്ടിയിലെയും മഹിളാ സംഘടനയിലേയും സജീവ പ്രവര്‍ത്തകരായ നാലോളം പേരുകളാണിപ്പോള്‍ പാര്‍ട്ടി നീലേശ്വരം ഏരിയാകമ്മറ്റിയുടെ പരിഗണനയിലുള്ളത്. ഇതില്‍ നിന്നും കീഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് ഏകാഭിപ്രായത്തോടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് നീക്കം. സാധാരണ തിരഞ്ഞെടുപ്പിന് മുമ്പ് ചെയര്മാന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ലെങ്കിലും അത്തരത്തില്‍ യോഗ്യതയുള്ളവരെ കണ്ടുവെക്കാറുപതിവുണ്ട്. കോണ്‍ഗ്രസിനകത്തെ രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും നിഷ്പ്രയാസം ഭരണതുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
അതേസമയം മുന്നണിയിലെ ഘടകകക്ഷിയായ സിപിഐ ഇത്തവണ മൂന്ന് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കും. നിലവില്‍ സിപിഐക്ക് ഒരുസീറ്റ് മാത്രമാണുള്ളത്. മൂന്ന് സീറ്റ് സിപിഐ ആവശ്യപ്പെടുമെങ്കിലും നിലവിലുള്ള ഒരു സീറ്റ് മാത്രമേ നല്കാന് സാധ്യതയുള്ളൂ. കഴിഞ്ഞ രണ്ടുതവണ കൗണ്‍സിലറായ മഹിളാ ഫെഡറേഷന് ജില്ലാ സെക്രട്ടറി പി.ഭാര്‍ഗ്ഗവി ഇത്തവണ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സിപിഐയും നീക്കം തുടങ്ങിയിട്ടുണ്ട്.
0 Comments