കേന്ദ്രമന്ത്രിക്കും ബി.എം ജമാലിനുമെതിരെ അപകീര്‍ത്തി വാര്‍ത്ത; പത്രത്തിനെതിരെ കേസ്


കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി ദിനപത്രമായ 'ചൗക്കിദുനിയ'ക്കെതിരെ ബി.എം.ജമാല്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തു.
കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറിയായിരുന്ന ഉദുമയിലെ ബി.എം.ജമാല്‍ എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് ബി.എം.ജമാല്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. ഇതേ തുടര്‍ന്ന് പത്രത്തിന്റെ എഡിറ്റര്‍ പ്രഭാത് രഞ്ജന്‍ ദീന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗമായിരുന്ന മുംബൈയിലെ അഭിഭാഷകന്‍ ഡോ.സയ്യിദ് ഇജാസ് അബ്ബാസ് എന്നിവര്‍ക്കെതിരെയാണ് സ്വകാര്യ അന്യായം ഫയല്‍ചെയ്തത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ആഗസ്ത് 14 ന് പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. ജമാല്‍ വഖഫ് ബോര്‍ഡ് സി.ഇ.ഒ ആയിരുന്ന സമയത്ത് സ്വീകരിച്ച ചില നടപടികളില്‍ രണ്ടാംപ്രതിയായ സയ്യിദ് ഇജാസ് അബ്ബാസിന് ജമാലിനോട് എതിര്‍പ്പുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ശത്രുതയുള്ള ചിലരുമായി ചേര്‍ന്ന് ഗുഡാലോചനനടത്തിയാണ് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ജമാലെടുത്ത നടപടികളില്‍ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ പിന്തുണ ഉണ്ടായിരുന്നു. ഇതാണ് വാര്‍ത്തയില്‍ നഖ്‌വിക്കെതിരെയും പരാമര്‍ശമുണ്ടായത്. നഖ്‌വി മാനവേന്ദ്രസിംഗ് എന്ന പേര് സ്വീകരിച്ചിരുന്നതായും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു. നഖ്‌വിയുടെയും ജമാലിന്റെയും ഫോട്ടോ സഹിതമാണ് വാര്‍ത്ത നല്‍കിയത്.
2018 ജുലൈ മാസത്തിലാണ് വാര്‍ത്ത നല്‍കിയത്. ജമാലിന്റെ കോട്ടിക്കുളത്തെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി 14,47,400 രൂപ പിടിച്ചെടുത്തുവെന്നും 1,45,68,169 രൂപ അനധികൃതമായി സമ്പാദിച്ചുവെന്നും ജമാലിന്റെ പേരിലുള്ള നിരവധി ബംഗ്ലാവുകളുടെ രേഖകള്‍ പിടിച്ചെടുത്തുവെന്നുമാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. 59,00,139 രൂപ ശമ്പളവരുമാനവും 86,68,040 രൂപ മൊത്തം ചിലവും ഉണ്ടെന്ന് കാണിച്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് വിജിലന്‍സ് 2018 ഫെബ്രുവരി 27 ന് ജമാലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വിവാഹസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, മാതാവിന്റെ ചികിത്സാബില്ലുകള്‍, പ്ലംബറുടെ ബില്ലുകള്‍, സ്റ്റെബിലൈസറിന്റെ വാറണ്ടികാര്‍ഡ് തുടങ്ങിയവ ലഭിച്ചതായാണ് മഹ്‌സറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് ജമാല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ വിജിലന്‍സ് നല്‍കിയ മറുപടിയില്‍തന്നെ ജമാലിന്റെ യഥാര്‍ത്ഥ ശമ്പള വരുമാനം 1,04,00,112 (പ്രൊവിഡന്റ് ഫണ്ട്, ഇന്‍കംടാക്‌സ് തുടങ്ങിയ വിഹിതമായ 29,59,977 രൂപ അടക്കം) രൂപയാണെന്നും എഫ്‌ഐആറില്‍ ചിലവായി കാണിച്ച 86,68,040 രൂപയില്‍ വീട്ടുവാടകയില്‍ കാണിച്ച 25,68,000 രൂപ തെറ്റാണെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തെറ്റായ കണക്കുകള്‍ കാണിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരിക്കെ തങ്ങള്‍ക്കെതിരെ പ്രസിദ്ധീകരിച്ച വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്നും ജമാല്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Post a Comment

0 Comments