മുഖ്യമന്ത്രിയുടെ ഓഫീസും നിയമസഭാ സ്പീക്കറും സ്വര്‍ണക്കടത്ത് വിവാദത്തില്‍; സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങി


കൊച്ചി: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും നിയമസഭാ സ്പീക്കറും ഉള്‍പ്പെട്ട സാഹചര്യം സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. സ്വര്‍ണക്കടത്തിന്റെ ഭാഗമായി ഐ.ടി സെക്രട്ടറിയുടേയും ഐ.ടി. വകുപ്പിന് കീഴിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച വിവാദ വനിതയുടേയും പേരില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചെന്നുപതിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലേക്കാണെന്ന യാഥാര്‍ത്ഥ്യമാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചയാക്കുന്നത്. എന്നാല്‍ തന്റെ ഓഫീസിലും അന്വേഷണം നടക്കട്ടെ എന്ന നിലപാടുതന്നെയാണ് മുഖ്യമന്ത്രിക്ക്.
കൃത്രിമരേഖ ചമച്ച് ഐ.ടി വകുപ്പിന് കീഴില്‍ ആരെങ്കിലും ജോലിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സര്‍ക്കാരുമായി പരോക്ഷമായി ബന്ധമുള്ളവരുണ്ടെങ്കില്‍ അത് പിഴവാണെന്ന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി ചൂണ്ടിക്കാട്ടിയത് വരുംകാല ചര്‍ച്ചകള്‍ക്കുള്ള മുന്നോടിയാണ്. ഇത് ഭരണപരമായ ജാഗ്രതക്കുറവാണെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്ന സി.പി.എം പാലക്കാട് പ്ലീനത്തിലെ തെറ്റുതിരുത്തല്‍ രേഖയിലെ സുപ്രധാന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തോടെ ചോദ്യം ചെയ്യപ്പെടുന്നത്.
തെറ്റുതിരുത്തല്‍ രേഖ അംഗീകരിച്ച 2013 ലെ പാര്‍ട്ടി പ്ലീന തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. വിവാദമായേക്കാവുന്ന സാമ്പത്തിക ഇടപാടുകളില്‍ പാര്‍ട്ടി അംഗങ്ങള്‍ ചെന്നുപെടരുതെന്ന കര്‍ശന നിര്‍ദ്ദേശം പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് പ്ലീനം രേഖയായി അംഗീകരിച്ചത്. സംഘടനാപരമായ തെറ്റുതിരുത്തല്‍ ആവശ്യമായ വന്ന ഘട്ടത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം പാലക്കാട് പ്ലീനം ചേര്‍ന്നത്. അന്ന് ഭരണത്തില്‍ ഇല്ലാതിരിക്കെ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ഘട്ടത്തിലായിരുന്നു പ്ലീനം.
ഇക്കൊല്ലം ഒടുവില്‍ ആരംഭിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ തൊട്ട് ഇതിന്മേലുള്ള ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്കു സാധ്യതയേറി. സ്പ്രിങ്‌ളര്‍ വിവാദം മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ള വിവിധ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെടും. കള്ളക്കടത്ത് മാഫിയകളുമായി നേതാക്കള്‍ക്കുള്ള ബന്ധം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖകള്‍ അംഗീകരിച്ചത്. ഭരണത്തിലെ ജാഗ്രതക്കുറവ് പാര്‍ട്ടികോടതികള്‍ എന്നുവിശേഷിപ്പിക്കാവുന്ന ഘടകങ്ങളില്‍ കണ്ണൂര്‍ നേതാക്കള്‍ ഒഴികെയുള്ളവര്‍ ചര്‍ച്ചാവിഷയമാക്കും. സംഘടനാപരമായ പരിഹാരം തേടിക്കൊണ്ടായിരിക്കും ചര്‍ച്ചകള്‍ മുന്നേറുക. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിലും സ്വര്‍ണ്ണക്കടത്തും സ്വപ്നയും വിഷയമാവും. ഈ ആഴ്ച അവസാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ചേരുന്നുണ്ട്. പിണറായി വിജയന് പാര്‍ട്ടിയിലുള്ള മതിപ്പ് കുറഞ്ഞുവരുന്നതായാണ് സൂചന. കിരീടം വെക്കാത്ത രാജാവ് എന്ന പദവിക്കും മങ്ങലേറ്റിട്ടുണ്ട്.

Post a Comment

0 Comments