രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതല്‍ ലാബുകള്‍ക്ക് പരിശോധന നടത്താന്‍ അനുമതിദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇത് വരെ 6,04,641 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്. 5 ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തില്‍ എത്താന്‍ എടുത്തത് നാല് ദിവസം മാത്രമാണ്.
2,26,947 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒടുവില്‍ പുറത്തിറക്കിയ കണക്ക്. ഇത് വരെ 3,59,860 പേര്‍ രോഗമുക്തി നേടിയെന്നാണ് കണക്ക്. രാജ്യത്തെ രോഗമുക്തി നിരക്ക് 59.51 ശതമാനമാണ്.
രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാജ്യത്തെ പരിശോധനകളുടെ എണ്ണം 90 ലക്ഷം കടന്നു. ഇത് വരെ 90,56,173 സാമ്പിള്‍ പരിശോധനകള്‍ നടത്തിയെന്നാണ് കണക്ക്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പരിശോധനക്ക് കുറിപ്പടി നല്‍കാന്‍ സ്വകാര്യ ഡോക്ടര്‍മാരെയും അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്കൊപ്പം ദ്രുത ആന്റിജെന്‍ പരിശോധനകളും ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.
രാജ്യത്ത് ഇതുവരെ 1,056 ലാബുകള്‍ക്ക് കൊവിഡ് പരിശോധനക്കുള്ള അനുമതി നല്‍കിയെന്ന് ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ 764 എണ്ണം പൊതു വിഭാഗത്തിലും 292 എണ്ണം സ്വകാര്യ ലാബുകളുമാണ്.
ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഇന്ന് നൂറ് ദിവസം പൂര്‍ത്തിയാവുന്ന ദിവസം തന്നെയാണ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടക്കുന്നത്. മാര്‍ച്ച് 25നാണ് രാജ്യത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്ത് 550 കൊവിഡ് കേസുകളാണ് ഉണ്ടായിരുന്നത്.

Post a Comment

0 Comments