സ്വര്‍ണ്ണകള്ളക്കടത്ത് കേസ്: സിബിഐ സംഘം കസ്റ്റംസ്ഓഫീസിലെത്തി


കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഉദ്യോഗസ്ഥരെത്തിയത്. സിബിഐ സംഘം കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎയും കേസില്‍ വിവരശേഖരണം നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സിബിഐയും വിവരങ്ങള്‍ ശേഖരിക്കുന്നത്. സാധാരണഗതിയില്‍ സിബിഐക്ക് ഇടപെടണമെങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടാവുന്ന സാഹചര്യം വേണം, ഈ കേസിലും സമാന തലത്തില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടോ ഇല്ലയോ എന്ന പ്രാഥമിക വിവരശേഖരത്തിനായാണ് സിബിഐ സംഘം എത്തിയതെന്നാണ് സൂചന.
സിബിഐ അന്വേഷണം വേണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയരുന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ടോ എന്ന് വിലയിരുത്താന്‍ കൂടിയാണ് ഈ സന്ദര്‍ശനം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി തുടങ്ങി. അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയയെയാണ് ചോദ്യം ചെയ്യുക. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടി കസ്റ്റംസ് കത്ത് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിനാണ് കത്ത് നല്‍കിയത്. ബോര്‍ഡ് ,അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും. നേരത്തേ സ്വര്‍ണക്കടത്തുകേസിലെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സംഭവത്തെക്കുറിച്ച് പരോക്ഷ നികുതി ബോര്‍ഡിനോട് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് തൊട്ടുപിന്നാലെ ഈ സംഭവവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ധനമന്ത്രി നിര്‍മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സി ബി ഐ സംഘം കസ്റ്റംസ് ഓഫീസിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

0 Comments