ഫൈസലിന് കടം പത്തുകോടി; സ്വര്‍ണക്കടത്ത് തുടങ്ങിയത് കടംവീട്ടാന്‍


കൊച്ചി: ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞത് കടംകയറി നട്ടംതിരിഞ്ഞപ്പോഴെന്ന് കസ്റ്റംസ്. പലര്‍ക്കുമായി നാട്ടില്‍ പത്തുകോടിയോളം രൂപ ഇയാള്‍ നല്‍കാനുണ്ട്. പണം കിട്ടാനുള്ളവര്‍ ഭീഷണി ഉള്‍പ്പെടെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് സ്വര്‍ണക്കടത്തിനു തയ്യാറായത്. അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായിട്ടും കടക്കെണിയിലായത് ആഡംബര ജീവിതം മൂലമെന്നും കസ്റ്റംസ്.
എന്‍.ഐ.എ കേസില്‍ പ്രതിയായതോടെ കടം നല്‍കിയവര്‍ തത്ക്കാലം തന്നെ തേടിവരില്ലെന്നാണ് ഫൈസലിന്റെ പ്രതീക്ഷ. തേടിവന്നാല്‍ കേസില്‍പ്പെടുമെന്ന ഭയമുള്ളതിനാല്‍ ഫോണ്‍പോലും ചെയ്യാന്‍ പലരും ധൈര്യപ്പെടുന്നില്ല. ഇതു ഫൈസലിന് ആശ്വാസമായി. കടം നല്‍കിയവരില്‍ ഏറെയും ജൂവലറി ഉടമകളാണ്. ജീവിതം ഉല്ലാസമാക്കാന്‍ ഫൈസല്‍ പല ബിസിനസുകളും നടത്തിയെങ്കിലും വിജയിച്ചില്ല.
ആഡംബര കാറുകളുടെ വര്‍ക്‌ഷോപ്പ് ഫൈസല്‍ ദുബായില്‍ നടത്തുന്നുണ്ട്. ദുബായില്‍ നിന്ന് 90 ദിവസത്തെ വാടകയ്ക്ക് കോടികള്‍ വിലയുള്ള വാഹനങ്ങളെടുക്കും. ഡ്യൂട്ടി അടയ്ക്കാതെ ഈ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നു മൂന്നുമാസം വരെ ഉപയോഗിക്കാം. ഇത്തരത്തില്‍ സമ്പന്നനായ ദുബായ്ക്കാരനെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കടം വാങ്ങിക്കൂട്ടിയത്.
ദുബായില്‍ നാട്ടില്‍ എസ്‌റ്റേറ്റ് വാങ്ങിയെന്നുകാണിച്ച് രേഖകള്‍ ഈടുവച്ചു അവിടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും വന്‍ തുകയും വായ്പയെടുത്തിട്ടുണ്ട്. കേരളത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്നവരുമായി ഫൈസലിന് ബന്ധമുണ്ടെന്ന സംശയവുമുണ്ട്. വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ചാണ് സ്വകാര്യ പണമിടപാടുകാരില്‍ നിന്നും തുക വാങ്ങുന്നത്. വലിയ ബിസിനസുണ്ടെന്ന് കാണിക്കാനാണ് ജിംനേഷ്യം, കാര്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവ ഇയാള്‍ ദുബായില്‍ ആരംഭിച്ചത്. എന്നാല്‍ ഈ സ്ഥാപനങ്ങളും നഷ്ടത്തിലായിരുന്നു.

Post a Comment

0 Comments