സ്വപ്നക്ക് മനുഷ്യക്കടത്തിലും പങ്ക്, സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തി


തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനു മനുഷ്യക്കടത്തില്‍ പങ്കെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ക്കു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.
ഒരു വര്‍ഷം മുമ്പ് സ്വപ്ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെക്കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകന്റെ മകളെ വിദേശത്തേക്കു കൊണ്ടുപോയതിനെക്കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സ്വപ്നയ്‌ക്കെതിരേ നീങ്ങുന്നത്.
നിരവധി പേരെ സ്വപ്നയും കൂട്ടാളികളും വിദേശത്തേക്കു കടത്തിയതായി ഉന്നതവൃത്തങ്ങള്‍ പറയുന്നു. അതേസമയം, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജരേഖ ചമച്ച കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുന്ന കാലത്താണ് സംഭവം.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു വനിതയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങുന്നുണ്ട്. 2016 മാര്‍ച്ചില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. ബിനോയ് അടുത്തിടെ എയര്‍ ഇന്ത്യ സാറ്റ്‌സ്‌വൈസ് പ്രസിഡന്റ് പദവി രാജിവച്ചിരുന്നു.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നക്കെതിരേയുള്ളത്. ഈ കേസില്‍ രണ്ടു തവണ സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടു. എന്‍.ഐ. എയും കസ്റ്റംസും ചോദ്യംചെയ്തശേഷം സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.

Post a Comment

0 Comments