നീലേശ്വരം: തേജസ്വിനി പുഴക്ക് കുറുകെ പാലായിയേയും കയ്യൂരിനേയും ബന്ധിപ്പിച്ച്കൊണ്ട് താങ്കയികടവില് നിര്‍മ്മിക്കുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍.
1957 ലെ ആദ്യ കേരളാ മുഖ്യമന്ത്രി ഇ.എം.എസ് വിഭാവനം ചെയ്ത പദ്ധതിയാണിത്. കെ.കുഞ്ഞിരാമന് എം.എല്‍.എയായിരിക്കുമ്പോഴാണ് പദ്ധതി വീണ്ടും സജീവ ചര്‍ച്ചയായത്. 2016 ല്‍ പിണറായി വിജന്യന് മുഖ്യമന്ത്രിയായതോടെ പാലം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേഗതയേറി. എം.രാജഗോപാലന്‍ എം.എല്‍.എ ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തു. അന്നത്തെ എം.പി പി.കരുണാകരന് , കെ.പി സതീഷ്ചന്ദ്രന്, എം.പി. ബാലകൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയ നേതാക്കന്മാര് ഇടപെട്ടതോടെ പാലത്തിന് 67 കോടി രൂപ അനുവദിച്ചു. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് മുന്‍കൈ എടുത്ത് ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി.
2018 ഒക്ടോബര്‍ 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്മാന് പ്രഫ:കെ.പി. ജയരാജന്റെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പാലം നിര്‍മ്മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ നീലേശ്വരം നഗരസഭ, കയ്യൂര്‍ -ചീമേനി, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി ,ഈസ്റ്റ് എളേരി, മടിക്കൈ എന്നീ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് സുഗമമായി ജലസേചനം നടത്താന്‍ കഴിയും. എന്നുമാത്രമല്ല വേനല്‍ കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും.
റഗുലേറ്ററിനോടൊപ്പം റോഡ് പാലം കൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ നീലേശ്വരം ഭാഗത്തുള്ളവര്‍ക്ക് നാഷണല്‍ ഹൈവേയുമായി ബന്ധപ്പെടാതെ ചീമേനി കാങ്കേല്‍ വഴി പയ്യന്നൂരിലേക്കും അത് വഴി പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും, കയ്യൂര്‍ -ചീമേനി ഭാഗങ്ങളിലുള്ളവര്‍ക്ക് ബങ്കളം കണ്ണിച്ചിറ വഴി മാവുങ്കാലിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുവാനും കഴിയും. 2020 അവസാനത്തോടെ പദ്ധതി നാടിന് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് നഗരസഭയും സര്‍ക്കാരും.
0 Comments