വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ പ്രതി പോലീസിനെ വെട്ടിച്ച് കടലില്‍ ചാടി, തിരച്ചില്‍ തുടരുന്നു


കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ പോക്‌സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലില്‍ചാടി.
മധൂര്‍ കാളിയങ്കാട് സ്വദേശി മഹേഷ് (28) ആണ് ഇന്ന് രാവിലെ നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസിനെ തള്ളി മാറ്റി കൈവിലങ്ങുമായി കടലില്‍ ചാടിയത്. പിന്നാലെ സിവില്‍ പോലീസര്‍ പ്രമോദും കടലില്‍ ചാടിയെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.
കടലില്‍ മുങ്ങിത്താണ പ്രമോദിനെ എസ്.ഐ വിപിന്‍, വനിതാ എസ്.ഐ രൂപ എന്നിവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മഹേഷിനെ കണ്ടെത്താനാനുള്ള തിരച്ചില്‍ തുടരുകയാണ്.
കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇത് കണ്ടെടുക്കാനാണ് മഹേഷുമായി പോലീസ് സംഘം ഹാര്‍ബറിലെത്തിയത്. ഇതിനിടയിലാണ് ഇയാള്‍ പോലീസിനെ തള്ളിമാറ്റി കടലിലിലേക്ക് എടുത്ത് ചാടിയത്. യുവാവിന് നീന്തല്‍വശമുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തിരച്ചില്‍ നടത്തിവരികയാണ്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് എ.എസ്.പി ജേയ്‌സണ്‍ എബ്രഹാം, ഡി വൈ എസ് പി പി.ബാലകൃഷ്ണന്‍ നായര്‍, സി.ഐ പി.മനോജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. കുളിമുറി ദൃശ്യം പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പോലീസ് പാറക്കല്ലിന് ഇടയില്‍നിന്ന് കണ്ടെടുത്തു.

Post a Comment

0 Comments