നീലേശ്വരം: കുടുംബശ്രീയുടെ ചുക്കാന്‍പിടിച്ചിരുന്ന വനിതാനേതാവിനോടൊപ്പമുള്ള നഗ്നഫോട്ടോ വിവാദത്തിലൂടെ അച്ചടക്ക നടപടിക്ക് വിധേയനായ പാര്‍ട്ടി ഏരിയാകമ്മറ്റി അംഗത്തിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തത് വന്‍വിവാദത്തിന് തിരികൊളുത്തി.
കൊവിഡ് ചട്ടങ്ങള്‍ നിലനില്‍ക്കെ ആഡംബരമായി നടത്തിയ ഗൃഹപ്രവേശനത്തില്‍ ജില്ലാ ഏരിയാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തുവെങ്കിലും വനിതാ നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിച്ചു. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മഹിളാ നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുക്കുകയായിരുന്നുവത്രെ. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായ നേതാവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ സ്ഥലത്തെ പ്രദേശിക നേതാക്കളെ ആരെയും ക്ഷണിച്ചിരുന്നില്ല. നേതാവ് ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ വനിതാ അംഗമായ നഗരസഭാ കൗണ്‍സിലര്‍ പി.എം.സന്ധ്യയൊഴികെ മറ്റുള്ളവരെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. അതേസമയം പാര്‍ട്ടി ശക്തികേന്ദ്രമായ പട്ടേനയില്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്റെ മകളുടെ വിവാഹം കൊവിഡ് ചട്ടങ്ങള്‍പാലിച്ച് നടത്തിയിട്ടും അതിലേക്ക് ക്ഷണിച്ച ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നില്ല. അതേസമയം പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായ ആളുടെ ഗൃഹപ്രവേശന ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തതാണ് നീലേശ്വരത്തെ പാര്‍ട്ടിക്കകത്തും വനിതാനേതാക്കള്ക്കിടയിലും കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ ഇപ്പോഴും ശക്തമായ പിടിപാടുണ്ടെന്ന് തെളിയിക്കാനാണ് ഗൃഹപ്രവേശനചടങ്ങില്‍ നേതാക്കളെ പങ്കെടുപ്പിച്ചതെന്നും ഇദ്ദേഹത്തെ വീണ്ടും പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനുള്ള നീക്കമാണ് ഇതിന്റെ പിന്നിലെന്നും ഒരു മുതിര്‍ന്ന വനിതാനേതാവ് പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് ഏരിയയിലെ വനിതാനേതാക്കള്‍ പാര്‍ട്ടി നേതാക്കളോട് പൊട്ടിത്തെറിച്ചതായി അറിയുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി ശക്തികേന്ദ്രമായ പട്ടേനയില്‍ ഉടലെടുത്ത ഈ വിവാദം പാര്‍ട്ടി നേതൃത്വത്തിന് വീണ്ടും തലവേദനയുണ്ടാക്കിയിരിക്കുകയാണ്.
0 Comments