കോവിഡ് തടസമായില്ല; പത്തുവര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ സാഫല്യം


വെള്ളരിക്കുണ്ട്: പതിറ്റാണ്ടുനീണ്ട പ്രണയം, ബന്ധുക്കളുടെ എതിര്‍പ്പ്, ഒടുവില്‍ കോവിഡിന്റെ വെല്ലുവിളി അതിജീവിച്ച് രതീഷും അനന്യയും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ചീര്‍ക്കയം സുബ്രഹ്മണ്യ കോവിലില്‍ വെച്ച് ഒന്നായി.
പുങ്ങംചാലിലെ പരേതനായ പള്ളിക്കൈ നാരായണന്റെയും രമയുടെയും മകനാണ് രതീഷ്. പറമ്പയിലെ സുകുമാരന്‍- വിലാസിനി ദമ്പതികളുടെ മകളാണ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയറുടെ ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി അനന്യ. പത്തുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു.
ഇരു സമുദായങ്ങളില്‍പ്പെട്ട ഇരുവരുടെയും ബന്ധം ആദ്യം ഇരുവീട്ടുകാരും എതിര്‍ത്തിരുന്നു. എന്നാല്‍ ചെറുപ്പം മുതല്‍ തുടങ്ങിയ പ്രണയബന്ധം ഉപേക്ഷിക്കാന്‍ രതീഷും അനന്യയും തയ്യാറായില്ല. ഒടുവില്‍ വീട്ടുകാര്‍ മക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു രതീഷിന്റെയും അനന്യയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.
എന്നാല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക് ഡൗണ്‍ ഇവരുടെ വിവാഹം നീട്ടിവെപ്പിച്ചു. രതീഷ് വിദേശത്തായിരുന്നു. നാട്ടുകാരെ മൊത്തം വിളിച്ചു കല്യാണവിരുന്നു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതെല്ലാം മുന്നില്‍ കണ്ട് കൊണ്ടു വീടും പുതുക്കി പണിതു. വിദേശത്ത് കുടുങ്ങിയ രതീഷ് വന്ദേ ഭാരതിലൂടെ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം അടുത്ത മുഹൂര്‍ത്തം നോക്കി അനന്യയെ സ്വന്തമാക്കുകയാണുണ്ടായത്.

Post a Comment

0 Comments