ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്കും തിരിച്ചടി. നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാനത്ത് നിന്നും കമ്പനിയെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക് കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കമ്പനിയെ നിയമിച്ചതില്‍ അപാകതയില്ലെന്ന് വിശദീകരിച്ചു. ഇ -മൊബിലിറ്റി സര്‍ക്കാറിന്റെ നയമാണ്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് ആലോചന. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ സര്‍വീസസ് ഇന്‍ കോര്‍പ്പറേറ്റട് എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ്.
സെബി വിലക്കിയ കമ്പനിക്കാണ് കരാര്‍ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. ഇവ രണ്ടും രണ്ട് ലീഗല്‍ എന്റിറ്റിയാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാന്‌സപോര്‍ട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉന്നതതല യോഗം ചേര്‍ന്ന് ചട്ടപ്രകാരമാണ് ഉത്തരവുകള്‍ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നയം സുതാര്യമാണ്. വെല്ലുവിളികള്‍ക്കിടയില്‍ കേരളത്തെ മുന്നോട്ടുനയിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
എന്നാല്‍ ശിവശങ്കര്‍ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ പുനപരിശോധന നടക്കുന്നത്. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ പുനപരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിര്‍ദ്ദേശിച്ചിരുന്നു.

Post a Comment

0 Comments