നമ്പര്‍ പ്ലേറ്റില്‍ വന്‍ മാറ്റങ്ങള്‍, ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം



കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ക്രമം അടിമുടി മാറിയേക്കും. നമ്പര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം കൊണ്ടുവരാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പുതിയ നീക്കം. അതായത് ആര്‍ടി ഓഫിസുകളുടെ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയുള്ള രീതി മാറ്റി പകരം ഏതു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നുവോ അതിന്റെ അടിസ്ഥാനത്തിലാകും ഇനി വാഹനങ്ങളുടെ നമ്പര്‍. ഇതുസംബന്ധിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും സോഫ്‌റ്റ്വെയറിലും മാറ്റത്തിനു തയാറെടുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് (എന്‍ഐസി) മോട്ടര്‍ വാഹനവകുപ്പ് നിര്‍ദ്ദേശിച്ചെന്നുമാണ് വിവരം.
സംസ്ഥാനത്തെ വിവിധ ആര്‍ടിഓഫീസുകളില്‍ സീരിസായി ഒരേ നമ്പര്‍ അനുവദിക്കുകയാണ് പതിവ്. അതായത് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെഎല്‍01 എന്നാണ് നമ്പര്‍ തുടങ്ങുന്നത്. ഇതുപോലെ ഓരോ ആര്‍ടി ഓഫിസ് അടിസ്ഥാനത്തിലും നമ്പര്‍ എന്നതാണു നിലവിലുള്ള സ്ഥിതി. അങ്ങനെ കേരളത്തിലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഗഘ86 എന്ന ആര്‍ടിഒ കോഡില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍. 1989 മുതല്‍ ആണ് ഈ രീതി നടപ്പിലാക്കിത്തുടങ്ങിയത്. 1989 മുതല്‍ 2002 വരെ ഗഘ1 മുതല്‍ ഗഘ15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയിരുന്നത്.
വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ഈ സംവിധാനത്തിലൂടെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴിത് ഗഘ 86 വരെയെത്തി.
ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് എളുപ്പം തിരിച്ചറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പോലും കഴിയാത്ത സ്ഥിതിയുമായി. അതുകൊണ്ടു തന്നെ എത്രയും വേഗം ഈ രീതി ഒഴിവാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ്. അതിന്റെ ഭാഗമായിട്ടാണ് പുത്തന്‍ ആശയം മുന്നോട്ടുവയ്ക്കുന്നത്.
വിവിധ ആര്‍ടി ഓഫിസ് സീരീസുകളിലായി ഒരേ നമ്പര്‍ അനുവദിക്കുന്ന രീതി ഇതോടെ അവസാനിക്കും. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനത്തിന്റെ നമ്പര്‍ തുടങ്ങുക കെഎല്‍20 എന്നായിരിക്കും. 2021 ല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കെഎല്‍ 21 എന്നായിരിക്കും നമ്പര്‍ തുടങ്ങുക. ഈ സംവിധാനം നടപ്പായാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വര്‍ഷം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനായാസം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്കുകൂട്ടല്‍. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ പുതിയ രീതി നിലവില്‍ വന്നേക്കും എന്നാണ് സൂചന.

Post a Comment

0 Comments