കാശ്മീരില്‍ ഭീകരാക്രമണം: ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു


ജമ്മുകാശ്മീര്‍: കാശ്മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സി.ആര്‍. പി.എഫ് ജവാന് വീരമൃത്യു. ആക്രമണത്തില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിന് നേരെയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്.സ്ഥലത്ത് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഭീകരര്‍ക്കായി പ്രദേശം വളഞ്ഞ് സൈന്യം തിരച്ചിലാരംഭിച്ചു.
ജമ്മുവില്‍ ഭീകര്‍ക്കെതിരായ നടപടി സൈന്യം ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ കാശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ജൂണില്‍ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് മുപ്പത്തഞ്ചിലേറെ ഭീകരരെയാണ്. ഈ വര്‍ഷം ഏറ്റുമുട്ടലിലൂടെ നൂറ്റി ഇരുപതോളം ഭീകരരെയാണ് സൈന്യം വധിച്ചത്.
അനന്ത്‌നാഗില്‍ പാകിസ്ഥാന്‍ ആസ്ഥാനമായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുടെ കമാന്‍ഡര്‍ മസൂദ് എന്ന റഹിയെ വധിച്ചതാണ് പ്രധാന നേട്ടം. മസൂദിന്റെ വധത്തോടെ ജമ്മുകാശ്മീരിലെ ദോഡ ജില്ലയെ ഭീകരവിമുക്തമായി പ്രഖ്യാപിച്ചു. ഖുല്‍ ചൊഹാര്‍ റാണിപ്പോരയില്‍ ഭീകരര്‍ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും അനന്ത്‌നാഗ് പോലീസും പ്രദേശം വളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് മസൂദും രണ്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരരും ജമ്മുകാശ്മീര്‍ സ്വദേശികളുമായ താരിഖ് ഖാന്‍, നദീം എന്നിവരും കൊല്ലപ്പെട്ടത്. ദോഡ ജില്ലയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മസൂദ് ആയിരുന്നു.

Post a Comment

0 Comments