9 വയസുകാരി ദേവുവിന്റെ വേദന കാണാനാവാതെ പിതാവ് ജീവനൊടുക്കി


തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലും കോമഡിഷോ പരിപാടിയിലും പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ഒമ്പതുവയസുകാരി ദേവു ചന്ദന തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ വേദന കടിച്ചമര്‍ത്തി മരണത്തോട് മല്ലടിക്കുന്നത് കാണാനാവാതെ പിതാവ് ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു(45) ആശുപത്രിക്ക് പിന്നില്‍ തൂങ്ങിമരിച്ചു.
നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഐസിയുവിലാണ് ദേവുചന്ദന.
നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് ഈ ഒമ്പതുകാരി. ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ 2019 മേയില്‍ ഒരു ചാനലിലെ കോമഡി പരിപാടിയില്‍ ദേവുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുമ്പേയാണ് രോഗം ദേവുവിനെ കീഴ്‌പ്പെടുത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് സ്ഥിതി ഗുരുതരമായത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നാണ് എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നല്‍കിയത്. ഇപ്പോള്‍ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

Post a Comment

0 Comments