കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ 78 പേര്‍ ക്വാറന്റൈനില്‍; നീലേശ്വരത്ത് സമൂഹവ്യാപനഭീതിയില്‍


നീലേശ്വരം: നീലേശ്വരം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജനടക്കം 32 കൗണ്‍സിലര്‍മാരും 36 ജീവനക്കാരും 10 ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടെ 78 പേര്‍ ക്വാറന്റൈനിലേക്ക് പോയതോടെ ജനം ഭീതിയിലായി.
കൊവിഡിന്റെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ദേഹപരിശോധനയുടെ ഭാഗമായി സാധാരണ പോലെ കൗണ്‍സിലര്‍മാര്‍ക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്രവ പരിശോധന നടത്തിയത്. ഇതിന്റെ ഫലം ഇന്നലെ ഉച്ചയോടെപുറത്തുവന്നു. ഇതില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു. സ്രവപരിശോധനക്കെടുത്ത വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെ ഇദ്ദേഹം പതിവുപോലെ നഗരസഭാ ഓഫീസില്‍ വരികയും എല്ലാവരുമായി ഇടപഴകുകയും ചെയ്തിരുന്നു. മാത്രവുമല്ല നഗരത്തിലെ പല കടകളിലും ഇദ്ദേഹം സന്ദര്‍ശനവും നടത്തി. ഇതിന് പുറമെ ഇദ്ദേഹവുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളില്‍ ജനങ്ങളുമായി ഇടപഴകുകയും ചെയ്തു. ഇതോടെയാണ് നീലേശ്വരത്ത് സമൂഹവ്യാപന സാധ്യതയുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാരനുള്‍പ്പെടെ നീലേശ്വരം നഗരസഭയിലെ ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ജോലിചെയ്തിരുന്ന ക്രമീകരണങ്ങളാണ് നിലവിലുണ്ടായിരുന്നത് എന്നത് ഏറെ ആശ്വാസം പകരുന്നുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ പറഞ്ഞു. കൗണ്‍സിലര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ എല്ലാവരും ഇന്ന് കോവിഡ് ടെസ്റ്റിന് വിധേയരായി.

Post a Comment

0 Comments