കോവിഡ് രോഗികള്‍ കുത്തനെ ഉയരും; ഓഗസ്റ്റ് അവസാനത്തോടെ 75000 വരെയാകാമെന്ന് റിപ്പോര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടം ദിവസവും കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍. പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഇനിയും സമ്പര്‍ക്കവ്യാപനം തുടരാന്‍ അനുവദിച്ചാല്‍ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്നാണ് പറയുന്നത്.
ഓഗസ്റ്റ,് സെപ്റ്റംബര്‍ മാസങ്ങളില്‍ ഇത് കൂടുതല്‍ തീവ്രമാകുമെന്നും പഠനങ്ങള്‍ പറയുന്നു. ചികിത്സാ സൗകര്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിവരുമെങ്കിലും ഇതിന് പരിമിതികളുണ്ട്. സര്‍ക്കാരിന്റെ കോവിഡ് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെങ്കിലും തിരക്കേറിയതോടെ ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പല ആശുപത്രികളിലും അപര്യാപ്തമായിരിക്കുകയാണ്.
ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 20,404 കിടക്കകള്‍ തയ്യാറാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് 15,975 എന്നാക്കി ചുരുക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം പടരുന്നത് വലിയ വെല്ലുവിളിയാണ്. കാര്യമായ ലക്ഷണമില്ലാത്തവരെ രോഗം സ്ഥിരീകരിച്ചു 10 ദിവസം കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍, സര്‍ക്കാര്‍ നിലപാടനുസരിച്ച് കൂടുതല്‍ ദിവസം രോഗികളെ ഇവിടെ താമസിപ്പിക്കുന്നുണ്ട്. ഇത് തിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നുമുണ്ട്. സമ്പര്‍ക്കവ്യാപനം രൂക്ഷമായ പലയിടങ്ങളിലും ജനങ്ങള്‍ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല എന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. പരിശോധനയില്‍ രോഗം കണ്ടെത്തിയാല്‍ 2 ആഴ്ചയിലേറെ ആശുപത്രികളിലോ താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലോ കഴിയേണ്ടിവരുമെന്നതിനാലാണ് ഇത്. ലബോറട്ടറികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിദഗ്ധസമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. അതേ സമയം, കോവിഡ് സെന്ററുകളാകാന്‍ മുന്നോട്ട് വരാന്‍ പല ആശുപത്രികളും തയ്യാറാകുന്നുമില്ല.

Post a Comment

0 Comments