പടന്നക്കാട്ടെ 70 കാരിയും പാലക്കാട്ടെ 40 കാരിയും കൊവിഡ് ബാധിച്ച് മരിച്ചു


പടന്നക്കാട്: കാസര്‍കോട് ജില്ലയില്‍ ഒരു കോവിഡ് രോഗികൂടി മരണപ്പെട്ടു. പടന്നക്കാട്ടെ അബ്ദുള്ളയുടെ ഭാര്യ നഫീസയാണ് (70) ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും (40) രാവിലെ മരണപ്പെട്ടു. രണ്ടുപേരും പ്രമേഹരോഗികളായിരുന്നു. കാസര്‍കോട് ജില്ലയില്‍ നാലാമത്തെ മരണവും പാലക്കാട് ജില്ലയില്‍ രണ്ടാമത്തെ മരണവുമാണിത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55 ആയി.
ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. അവര്‍ അര്‍ബുദരോഗിയായിരുന്നു. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷമേ രോഗമുണ്ടായിരുന്നോ എന്ന് വ്യക്തമാവുകയുള്ളൂ.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഫീസയെ കഴിഞ്ഞദിവസമാണ് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റിയത്. വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ഇവര്‍ക്ക് ഏതുവഴി കൊവിഡ് പിടിപെട്ടെന്ന് വ്യക്തമല്ല. മകന് പച്ചക്കറി വ്യാപാരമുണ്ട്. പച്ചക്കറി അന്യസംസ്ഥാനത്തുനിന്നും വന്ന വഴിക്കാണോ കൊവിഡിന്റെ വരവെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് കൂടുതല്‍ ജാഗ്രതയിലാണ്. മക്കള്‍: റംല, സുബൈര്‍ (ഡ്രൈവര്‍), മുഹമ്മദ് അന്‍വര്‍, അബ്ദുള്‍ ഷമീര്‍ (ഇരുവരും ഗള്‍ഫ്). മരുമക്കള്‍: ഉമൈസ, നഫീസത്ത്, കദീജ. സഹോദരങ്ങള്‍: എന്‍.പി മുഹമ്മദ് കുഞ്ഞി, മറിയം.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.

Post a Comment

0 Comments