നീലേശ്വരം: ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ലൈഫ് ' പദ്ധതിയില്‍ നീലേശ്വരം നഗരസഭ 320 വീടുകള്‍ പൂര്‍ത്തിയായി. പി.എം.എ.വൈ നഗരം ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 650 വീടുകളാണ് നിര്‍മ്മിച്ചുനല്‍കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഭവന നിര്‍മ്മാണത്തിന് ധന സഹായങ്ങള്‍ ലഭ്യമായിട്ടും പല കാരണങ്ങളാല്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കളെ കണ്ടെത്തുകയും അത്തരത്തിലുള്ള 40 പേര്‍ക്ക് ധനസഹായം നല്കി സമയബന്ധിതമായി വീട് പൂര്‍ത്തീകരിച്ച് നല്‍കാനും കഴിഞ്ഞു. ഈ നേട്ടം സംസ്ഥാന തലത്തില്‍ ആദ്യം കൈവരിച്ച നഗരസഭയാണ് നീലേശ്വരം.പദ്ധതിയുടെ രണ്ടാം ഘട്ടം ഭവന രഹിതരായ ഗുണഭോക്താക്കളെ കണ്ടെത്തി അവര്‍ക്ക് ധനസഹായം നല്കി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് പറഞ്ഞു. കുടുംബശ്രീ മുഖേന സര്‍വ്വേ നടത്തിയാണ് 610 അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് വീട് നിര്‍മ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കുകയും അതിന് വേണ്ടി 24.40 കോടി രൂപ വകയിരുത്തുകയും ചെയ്തു. ഇതില്‍ 17.20 കോടി രൂപ ഇതിനകം ഗുണഭേക്താക്കള്‍ക്ക് നല്കി കഴിഞ്ഞു. ഇപ്പോള്‍ 320 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.
നീലേശ്വരം നഗരസഭയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് ആദ്യമായിട്ടാണ്.
0 Comments