സര്‍ക്കാര്‍ വിവാദങ്ങളുടെ നടുവില്‍; ഇടത് മുന്നണി യോഗം 28 ന്


തിരുവനന്തപുരം: ഇടത് മുന്നണി ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം ചേരും . കണ്‍സള്‍ട്ടന്‍സി കരാറുകളും സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടിക്കകത്തും മുന്നണിക്കകത്തും വലിയ വിമര്‍ശനത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കൂടിയാണ് യോഗം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്പ്രിംക്ലര്‍ കരാര്‍ മുതലിങ്ങോട്ട് വിവിധ കണ്‍സള്‍ട്ടന്‍സി കരാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത വിമര്‍ശനമാണ് സിപിഐ അടക്കമുള്ള ഘടക കക്ഷികള്‍ ഉന്നയിച്ചിരുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പ്രധാനിയായിരുന്ന എം ശിവശങ്കറിനുണ്ടായിരുന്ന ബന്ധവും ഒടുവില്‍ ശിവശങ്കറിനെതിരെ നടപടി എടുക്കേണ്ട സാഹചര്യവും എല്ലാം സര്‍ക്കാരിനേയും മുന്നണിയേയും പ്രതിരോധത്തിലാക്കിയെന്ന വിമര്‍ശനവും ശക്തമാണ്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിലും ജാഗ്രത കുറവ് ഉണ്ടായെന്ന ആക്ഷേപവും സിപിഎമ്മിനകത്തും മുന്നണി ഘടകക്ഷികളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ പുറത്ത് വന്നിട്ടുമുണ്ട്.

Post a Comment

0 Comments